ലോകകപ്പ് യോഗ്യത; ഇറ്റലി ഇന്ന് ഇസ്രായേലിനെതിരേ, ഉഡിനില്‍ ഇസ്രായേലിനെതിരേ 10,000 പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനം, കനത്ത സുരക്ഷ

Update: 2025-10-14 09:32 GMT

ഉഡിന്‍: 2026 ഫിഫാ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ന് അര്‍ദ്ധരാത്രി ഇറ്റലി ഇസ്രായേലിനെ നേരിടും. രാത്രി 12.30നാണ് മല്‍സരം. മല്‍സരത്തേക്കാള്‍ കൂടുതല്‍ ആഗോള ശ്രദ്ധ മല്‍സരത്തിന് മുമ്പ് നടക്കുന്ന ഫലസ്തീന്‍ അനുകൂല പ്രകടനത്തിനാണ്. സ്റ്റേഡിയത്തിന് പുറത്താണ് 10,000 പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനം നടക്കുക. മല്‍സരത്തിന് കാണികള്‍ കുറവായിരിക്കുമെന്നും പ്രതിഷേധത്തിനാണ് ആളുകള്‍ ഉണ്ടാവുകയെന്നും നേരത്തെ റിപോര്‍ട്ട് ഉണ്ടായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പേ ഇറ്റലിയുടെ ഇന്നത്തെ പ്രതിഷേധ പ്രകടനം ആഗോള ശ്രദ്ധ നേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇതേ തുടര്‍ന്ന് പ്രതിഷേധ പ്രകടനം മാറ്റുമെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇറ്റലി പ്രകടനം നടത്തുമെന്ന് അറിയിക്കുകയായിരുന്നു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയത്. കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിന് അകത്തും പുറത്തും ഒരുക്കിയിരിക്കുന്നത്.

യോഗ്യതാ മല്‍സരത്തില്‍ ഗ്രൂപ്പ് ഐയില്‍ നോര്‍വെ 18 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ ഇസ്രായേലിനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഈ മല്‍സരത്തിന് മുന്നോടിയായും നോര്‍വെയില്‍ ഇസ്രായേല്‍ വിരുദ്ധ പ്രകടനം നടന്നിരുന്നു. ഗ്രൂപ്പില്‍ ഇറ്റലിക്ക് 12 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇസ്രായേലിന് ഒമ്പത് പോയിന്റാണുള്ളത്. അവസാനമായി ഇസ്രായേലിനോട് ഏറ്റുമുട്ടിയപ്പോള്‍ ഇറ്റലി 5-4ന്റെ ജയം നേടിയിരുന്നു. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും യോഗ്യത നേടാന്‍ ആവാത്ത ഇറ്റലി 2026 ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ എല്ലാം ജയിക്കേണ്ടതുണ്ട്. ഇസ്രായേലിനെതിരായ മല്‍സരം ബഹിഷ്‌കരിക്കാന്‍ ഇറ്റലിക്ക് ആലോചന ഉണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് യോഗ്യത തുലാസിലായ സാഹചര്യത്തിലാണ് അവര്‍ മല്‍സരം ബഹിഷ്‌കരിക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്.




Tags: