ലോകകപ്പ് യോഗ്യത; പെനാല്‍റ്റി നഷ്ടപ്പെടുത്തി റൊണാള്‍ഡോ, ജയം തുടര്‍ന്ന് പോര്‍ച്ചുഗലും, സ്‌പെയിനും; തുര്‍ക്കിക്ക് വമ്പന്‍ ജയം
മാഡ്രിഡ്: യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, തുര്‍ക്കി ടീമുകള്‍ക്ക് ജയം. സ്പെയിന്‍ 2-0ത്തിനു ജോര്‍ജിയയെ വീഴ്ത്തി. ഇറ്റലി 1-3നു എസ്റ്റോണിയയെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനു അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ജയം പിടിച്ചത്. സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ പോരില്‍ ഇഞ്ചുറി സമയത്ത് നേടിയ ഗോളിലാണ് പോര്‍ച്ചുഗല്‍ അയര്‍ലന്‍ഡിനെതിരെ രക്ഷപ്പെട്ടത്. റൂബെന്‍ നെവെസ് നേടിയ ഗോളാണ് അവര്‍ക്ക് ജയം സമ്മാനിച്ചത്. കളിയുടെ 75ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയാണ് റൊണാള്‍ഡോ നഷ്ടപ്പെടുത്തിയത്.
ജോര്‍ജിയക്കെതിരെ കളിയുടെ ഇരു പകുതികളിലായാണ് സ്പെയിന്‍ വല ചലിപ്പിച്ചത്. 24ാം മിനിറ്റില്‍ യെരമി പിനോയാണ് സ്പാനിഷ് ടീമിനു ലീഡ് സമ്മാനിച്ചത്. 64ാം മിനിറ്റില്‍ മികേല്‍ ഒയര്‍സബല്‍ രണ്ടാം ഗോള്‍ വലയിലിട്ടു.
ഗന്നാരോ ഗട്ടുസോ പരിശീലകനായ ശേഷമുള്ള ഇറ്റാലിയന്‍ മുന്നേറ്റം തുടരുന്നു. എസ്റ്റോണിയയെ അവര്‍ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നാലാം മിനിറ്റില്‍ മൊയ്സെ കീനിലൂടെ അസൂറികള്‍ മുന്നിലെത്തി. 38ാം മിനിറ്റില്‍ മാറ്റിയോ റെറ്റെഗുയി രണ്ടാം ഗോള്‍ നേടി. 74ാം മിനിറ്റില്‍ ഫ്രാന്‍സെസ്‌കോ പിയോ എസ്പൊസിറ്റോ മൂന്നാം ഗോളും നേടി. 76ാം മിനിറ്റിലാണ് എസ്റ്റോണിയ ആശ്വാസ ഗോള്‍ നേടിയത്.
