ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വിജയം തുടര്‍ന്ന് നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. അര്‍ജന്റീന മറുപടിയില്ലാത്ത ഒറ്റ ഗോളിനു ചിലിയെ വീഴ്ത്തി.ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ദേശീയ ടീമിനായി ഇറങ്ങിയ പോരില്‍ ജൂലിയന്‍ അല്‍വാരസ് നേടിയ ഒറ്റ ഗോളിലാണ് അര്‍ജന്റീന ജയിച്ചു കയറിയത്. കളിയില്‍ പകരക്കാരനായാണ് മെസി കളിച്ചത്. കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. ലിയനാര്‍ഡോ ബലെര്‍ഡിയില്‍ നിന്നു തിയാഗോ അല്‍മാഡയിലെത്തിയ പന്തിനെ താരം അല്‍വാസരസിനു മറിക്കുകയായിരുന്നു.
രണ്ട് ചിലിയന്‍ പ്രതിരോധക്കാരെ കബളിപ്പിച്ച് അല്‍വാസരസ് പന്ത് ചിലിയന്‍ ഗോള്‍ കീപ്പറേയും കബളിപ്പിച്ച് വലയിലാക്കി. പിന്നീട് ഗോളടിക്കാന്‍ അര്‍ജന്റീന ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. മറുഭാഗത്ത് ചിലിയും ആക്രമണം നടത്തിയെങ്കിലും അര്‍ജന്റീനയുടെ ഉറച്ച ഡിഫന്‍സ് അതിനു തടസമായി.ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ തുടരെ അഞ്ചാം ജയമാണ് ലോക ചാംപ്യന്‍മാര്‍ കുറിച്ചത്. 15 കളിയില്‍ 11 ജയവുമായി 34 പോയിന്റോടെ അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
