വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ ഇന്ന് മുംബൈയില്‍; കന്നികിരീടത്തിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍
മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും കിരീടം തേടിയിറങ്ങും. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം.
മുംബൈ: രണ്ടുതവണ ലോകകപ്പ് ഫൈനലില്‍ കീഴടങ്ങേണ്ടിവന്നതിന്റെ വിഷമം തീര്‍ത്ത് കപ്പില്‍ മുത്തമിടാന്‍ ഇന്ത്യാ വനിതാ ടീം . ആദ്യമായി കിരീടപോരാട്ടത്തിനെത്തിയത് കപ്പുമായി ആഘോഷിക്കാന്‍ ദക്ഷിണാഫ്രിക്ക. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ ആഘോഷമാക്കാന്‍ ഇരുടീമുകളും സര്‍വസന്നാഹവുമായി ഇറങ്ങുമ്പോള്‍ പോരാട്ടം കനക്കും. മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും കിരീടം തേടിയിറങ്ങും. ഉച്ചയ്ക്ക് 3.30 മുതലാണ് മത്സരം. ആരു ജയിച്ചാലും ഇത്തവണ പുതിയ ജേതാവുണ്ടാകും.
2005-ല്‍ ഓസ്ട്രേലിയയോടും 2017-ല്‍ ഇംഗ്ലണ്ടിനോടുമാണ് കിരീടം അടിയറവച്ചത്. മൂന്നാമങ്കത്തില്‍ ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. സെമിഫൈനലില്‍ റെക്കോഡ് റണ്‍ചേസോടെ ഓസ്ട്രേലിയയെ മറികടന്നത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പകരംവീട്ടാമെന്ന മോഹവും മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ചരിത്രവും ടീമിന് അനുകൂലമാണ്.
ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഓപ്പണറായി ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ഇറങ്ങും. ആറ് ബൗളര്‍മാര്‍ എന്ന ഘടന വരുമ്പോള്‍ ഹെര്‍ലിന്‍ ഡിയോള്‍ പുറത്തിരിക്കും. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ബാറ്റിങ്ങില്‍ ഫോം കണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ വിജയശില്പി ജമീമ റോഡ്രിഗസില്‍നിന്ന് മികച്ച ഒരു ഇന്നിങ്സുകൂടി ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ് നിര പ്രതിക്ഷയ്‌ക്കൊത്ത് ഉയരാത്തതാണ് മാനേജ്മെന്റിനെ അലട്ടുന്നത്. ടൂര്‍ണമെന്റില്‍ ഒന്നോ രണ്ടോ കളികളില്‍ മാത്രമാണ് മികച്ച ഫോമിലേക്കുയര്‍ന്നത്.
ആദ്യമായി ഫൈനലില്‍ കടന്നതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്ക. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ അനായാസം മറികടന്നത് പ്രതീക്ഷയുയര്‍ത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ഓള്‍റൗണ്ടര്‍ മരിസാന കാപ്പുമാണ് ടീമിന്റെ മുഖ്യപ്രതീക്ഷ. ബാറ്റിങ്ങില്‍ ടസ്മിന്‍ ബ്രിറ്റ്സ്, ഓള്‍റൗണ്ടര്‍മാരായ ക്ലോയി ട്രയോണും നദീന്‍ ഡി ക്ലര്‍ക്കും ഫോമിലേക്കുയര്‍ന്നാല്‍ ടീമിന് ജയിക്കാന്‍ കഴിയും. ഇന്ത്യക്കെതിരായ മത്സരത്തില്‍ നദീനാണ് കളിയിലെ താരമായത്. അന്ന് ക്ലോയിയും തിളങ്ങിയിരുന്നു.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്കെത്തുന്നത്. ക്യാപ്റ്റന്‍ വോള്‍വര്‍ത്ത് മുന്നില്‍നിന്ന് നയിക്കുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ കരുത്ത്. വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനും ചേസ് ചെയ്യാനുമുള്ള ആഴം ബാറ്റിങ് നിരയ്ക്കുണ്ട്. സെമിഫൈനലില്‍ ജയിച്ച ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
പിച്ച് ബാറ്റര്‍മാരെ പിന്തുണയ്ക്കുന്നതാണ്. വലിയ സ്‌കോര്‍ പിറക്കാനാണ് സാധ്യത. മഞ്ഞുവീഴ്ചയുള്ളത് രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിനെ കുഴക്കാനിടയുണ്ട്. മഴഭീഷണി നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ച റിസര്‍വ് ഡേ അയതിനാല്‍ മഴകാരണം കളി മുടങ്ങിയാല്‍ അടുത്തദിവസത്തേക്ക് നീളും.

