പ്രീമിയര്‍ ലീഗ്; ആഴ്‌സനലിനെ സമനിലയില്‍ തളച്ച് വാറ്റ്‌ഫോഡ്

എവര്‍ട്ടണെ ബേണ്‍മൗത്ത് 3-1ന് തോല്‍പ്പിച്ചു

Update: 2019-09-15 18:54 GMT

ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തിരികുഞ്ഞന്‍മാരായ വാറ്റ്‌ഫോഡിനോട് സമനില വഴങ്ങി ആഴ്‌സനല്‍. ലീഗിലെ ഏഴാം സ്ഥാനക്കാരായ ആഴ്‌സനലാണ് അവസാന സ്ഥാനക്കാരായ വാറ്റ്‌ഫോഡിനോട് 2-2 സമനില ഏറ്റുവാങ്ങിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ക്ലബ്ബിന്റെ തിരിച്ചുവരവ്. ഒബാമെയാങി(21, 32)ന്റെ ഇരട്ട ഗോളിലാണ് ആഴ്‌സനല്‍ ആദ്യപകുതിയില്‍ തന്നെ ലീഡ് നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച വാറ്റ്‌ഫോഡ് 53ാം മിനിറ്റില്‍ ക്ലവെര്‍ലേയുടെ ഗോളിലൂടെ ആക്രമണം ആരംഭിച്ചു. തുടര്‍ന്ന് 81ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ക്ലബ്ബിന് തുണയായി. കിക്കെടുത്ത വാറ്റ്‌ഫോഡ് താരം പെരേരയ്ക്കു പിഴച്ചില്ല. സ്‌കോര്‍ 2-2.

    മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണെ ബേണ്‍മൗത്ത് 3-1ന് തോല്‍പ്പിച്ചു. കാലം വില്‍സണ്‍ ഇരട്ട ഗോള്‍(23, 72) നേടിയ മല്‍സരത്തില്‍ ഫ്രാസെര്‍ 67ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. എവര്‍ട്ടന്റെ ശക്തമായ പ്രതിരോധത്തിനെതിരേ മികച്ച ആക്രമണമാണ് ബേണ്‍മൗത്ത് നടത്തിയത്. ജയത്തോടെ ബേണ്‍മൗത്ത് എട്ടാം സ്ഥാനത്തെത്തി. എവര്‍ട്ടണ്‍ 11ാം സ്ഥാനത്താണ്.

    സ്പാനിഷ് ലീഗില്‍ നടന്ന മല്‍സരങ്ങളില്‍ ആല്‍വ്‌സിനെ സെവിയ്യ ഒരു ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ സെവിയ്യ ലീഗില്‍ ഒന്നാമതെത്തി. എസ്പാനിയോള്‍ 2-1ന് ഐബറിനെ തോല്‍പ്പിച്ചു. സെല്‍റ്റാ വീഗോയെ ഗ്രാനാഡ 2-0ത്തിനു തറപ്പറ്റിച്ചു. റയല്‍ വലാഡോളിഡും ഒസാസുനയും തമ്മിലുള്ള മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.



Tags: