21ാം നൂറ്റാണ്ടിലെ യൂനെറ്റോയാണ് വാല്‍വെര്‍ഡേ: ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയ താരത്തെ വാനോളം പുകഴ്ത്തി അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്

Update: 2026-03-12 07:37 GMT

മാഡ്രിഡ്: 21ാം നൂറ്റാണ്ടിലെ യുനെറ്റോയാണ് ഫെഡ്രിക്ക് വാല്‍വെര്‍ഡേയെന്ന് റയല്‍ മാഡ്രിഡിലെ സഹതാരം അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ റയല്‍ മാഡ്രിഡിനായി ഹാട്രിക്ക് നേടിയ താരത്തെ അര്‍നോള്‍ഡ് വാനോളം പുകഴ്ത്തി. മുന്‍ സ്പാനിഷ് താരമായ യുവാന്‍ ഗോമസ് ഗോണ്‍സാലസിനെ പോലെയാണ് വാല്‍വെര്‍ഡെയെന്നും. താരം കളത്തിലുണ്ടെങ്കില്‍ ടീമിന് വിജയിക്കാന്‍ സാധിക്കുമെന്നും അര്‍നോള്‍ഡ് പറഞ്ഞു.റയല്‍ മാഡ്രിഡിന്റെ മിന്നും താരമായിരുന്ന യുവാന്‍ 37ാം വയസ്സില്‍ കാറപകടത്തില്‍ മരിക്കുകയായിരുന്നു.

ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ റയല്‍ മാഡ്രിഡിന്റെ ഗോളടിമേളമായിരുന്നു. കിട്ടിയ അവസരങ്ങള്‍ കളഞ്ഞു കുളിച്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നായകന്‍ ഫെഡെറികോ വാല്‍വെര്‍ഡേയുടെ ഹാട്രിക് കരുത്തിലാണ് റയലിന്റെ മിന്നുംജയം. സ്‌കോറിംഗിന് തുടക്കമിട്ടത് ഇരുപതാം മിനിറ്റില്‍.

ഏഴ് മിനിറ്റിനകം വെല്‍വെര്‍ഡേ ലീഡുയര്‍ത്തി. പരിക്കേറ്റ കിലിയന്‍ എംബാപ്പേയും ജൂഡ് ബെല്ലിംഗ്ഹാമും റോഡ്രിഗോയും ഇല്ലാതെ ഇറങ്ങിയ റയലിനായി വെല്‍വെര്‍ദേ ഹാട്രിക് തികച്ചത് നാല്‍പത്തിരണ്ടാം മിനിറ്റിലെ കിടിലന്‍ ഗോളിലൂടെ. വിനിഷ്യസ് ജുനിയര്‍ പെനാല്‍റ്റി പാഴാക്കിയില്ലായിരുന്നെങ്കില്‍ റയലിന്റെ ലീഡുയര്‍ന്നേനെ. രണ്ടാംപാദ മല്‍സരം ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനത്ത് നടക്കും. മറ്റൊരു മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ പി എസ് ജി രണ്ടിനെതിരെ അഞ്ച് ഗോളിന് ചെല്‍സിയെ തോല്‍പിച്ചു. ക്വിച ക്വാരെസ്‌കേലിയ പി എസ് ജിക്കായി രണ്ടുഗോള്‍ നേടി.

ബാര്‍കോള, ഡെംബലേ, വിറ്റീഞ്ഞ എന്നിവരാണ് ആദ്യപാദ ക്വാര്‍ട്ടറില്‍ പി എസ് ജിയുടെ മറ്റ് സ്‌കോറര്‍മാര്‍. ഗുസ്തോയും എന്‍സോ ഫെര്‍ണാണ്ടസുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. അതേസമയം, ആഴ്സണല്‍ സമനില നേരിട്ടു. ബയര്‍ ലെവര്‍ക്യൂസനെതിരെ അവസാന മിനിറ്റ് ഗോളിലാണ് ആഴ്സണല്‍ തോല്‍വി ഒഴിവാക്കിയത്. ആഴ്സണലിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത് കായ് ഹാവെര്‍ട്സിന്റെ സ്പോട് കിക്ക്. നോനി മഡൂക്കയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഹാവെര്‍ട്സ് ലക്ഷ്യത്തില്‍ എത്തിച്ചത് എന്‍പത്തിയൊന്‍പതാം മിനിറ്റില്‍.

2020ല്‍ ആഴ്സണലില്‍ എത്തും മുന്നേ പത്തുവര്‍ഷം ബയര്‍ ലെവര്‍ക്യൂസന്റെ താരമായിരുന്നു കായ് ഹാവെര്‍ട്സ്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ലെവര്‍ക്യുസണ്‍ ആഴ്സണലിനെ ഞെട്ടിച്ചത്. റോബര്‍ട്ട് ആന്‍ഡ്രിച്ചായിരുന്നു സ്‌കോറര്‍. നിര്‍ണായക രണ്ടാംപാദ മത്സരം ചൊവ്വാഴ്ച ആഴ്സണലിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കും.





Tags: