വംശീയ അധിക്ഷേപം; അറ്റ്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ക്ക് പിഴ ചുമത്തി യുവേഫ
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ആഴ്‌സനലിനെതിരായ മല്‍സരത്തിനിടെ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ നടത്തിയ വംശീയ പെരുമാറ്റത്തില്‍ പിഴ ചുമത്തി യുവേഫ. ലണ്ടനില്‍ കഴിഞ്ഞ മാസം നടന്ന മല്‍സരത്തില്‍ 4-0ന് ആഴ്‌സണലിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ കുരുങ്ങിന്റെ ശബ്ദങ്ങള്‍ മുഴക്കുകയും നാസി സല്യൂട്ട് നടത്തുകയും ചെയ്തത്. തുടര്‍ന്ന് ക്ലബ്ബിനെതിരേ കേസെടുത്തു.
ഇതിന് മുമ്പും അറ്റ്‌ലറ്റിക്കോ ആരാധകര്‍ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ സമാനമായ രീതിയില്‍ അധിക്ഷേപിക്കുകയായിരുന്നു.ശിക്ഷയുടെ ഭാഗമായി യുവേഫാ അത്‌ലറ്റിക്കോയ്ക്ക് 30,000 യൂറോ (ഏകദേശം 27 ലക്ഷം) പിഴ ചുമത്തി. കൂടാതെ ഒരു യൂറോപ്യന്‍ എവേ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ആരാധകര്‍ക്ക് വിറ്റഴിക്കുന്നത് നിരോധിച്ചു. ഈ വിലക്ക് ഒരുവര്‍ഷത്തെ പ്രൊബേഷനോടെ മാറ്റിവച്ചു.അതേസമയം, ആരാധകര്‍ ആഴ്‌സനലിന്റെ സ്റ്റേഡിയത്തില്‍ പാഴ് വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ 10,000 യൂറോ (ഏകദേശം 8.7 ലക്ഷം) അധിക പിഴയും യുവേഫ ചുമത്തി.