യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം; ബാഴ്സലോണ ഇന്റര്‍ മിലാനെതിരെ

Update: 2025-05-06 09:52 GMT

മിലാന്‍: ഈ സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ബാഴ്സലോണ രണ്ടാംപാദ സെമിയില്‍ ഇന്റര്‍ മിലാനെ നേരിടും. ഇന്റര്‍ മിലാന്റെ മൈതാനത്ത് രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ഇരുടീമും മൂന്ന് ഗോള്‍വീതം നേടി സമനില പാലിക്കുകയായിരുന്നു. പിഎസ്ജി നാളെ ഫൈനല്‍ ലക്ഷ്യമിട്ട് ആഴ്സണലുമായി ഏറ്റുമുട്ടും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ സെമിയിലേക്ക് കടന്നത്. ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയാണ് ഇന്റര്‍ മിലാന്റെ സെമി പ്രവേശനം.

ഇന്നത്തെ മത്സരത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി തിരിച്ചെത്തുമെന്നാണ് കാറ്റാലന്‍മാരുടെ പ്രതീക്ഷ. ആദ്യപാദത്തില്‍ താരം കളത്തിലിറങ്ങിയില്ല. സീസണില്‍ 40 ഗോളുള്ള ലെവന്‍ഡോവ്‌സ്‌കി ഒരുഗോള്‍കൂടി നേടിയാല്‍ ബാഴ്‌സ കുപ്പായത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കും. റഫീഞ്ഞ, യമാല്‍, പെഡ്രി, ഫെറാന്‍ ടോസെ്, ഫെര്‍മിന്‍ ലോപെസ് എന്നിവരും ടീമിന്റെ പ്രതീക്ഷയാണ്. അതേസമയം, പരിക്കിനെ തുടര്‍ന്ന് ജൂലസ് കൂണ്ടെയ്ക്ക് മത്സരം നഷ്ടമാവും. ഇന്റര്‍ മിലാനെതിരെ ആദ്യ പാദ സെമിയിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിനിടെ കാല്‍ക്കുഴയ്ക്ക് വേദന അനുഭവപ്പെട്ടതോടെയാണ് കുണ്ടെ കളം വിട്ടത്.

നാളെ നടക്കുന്ന മറ്റൊരു സെമി രണ്ടാംപാദത്തില്‍ ആഴ്‌സണല്‍ പിഎസ്ജിയെ നേരിടും. ആദ്യപാദം പിഎസ്ജി ഒരുഗോളിന് ജയിച്ചിരുന്നു. ഇന്ത്യയില്‍ സോണി എല്‍ഐവി ആപ്പിലും വെബ്‌സൈറ്റിലും യുവേഫ ചാംപ്യന്‍സ് ലീഗ് ലൈവ് സ്ട്രീമിംഗ് ലഭ്യമാകും. അതേസമയം യുസിഎല്‍ 2025 സെമിഫൈനല്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക് - സോണി സ്‌പോര്‍ട്‌സ് ടെന്‍ 2, സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്/തെലുങ്ക്) ചാനലുകളിലും സംപ്രേഷണം ചെയ്യും.





Tags: