ടര്‍ക്കിഷ് ഫുട്‌ബോളില്‍ വാതുവെപ്പ് :17 റഫറിമാരെയും ഒരു ക്ലബ്ബ് പ്രസിഡന്റിനേയും അറസ്റ്റ് ചെയ്യും

Update: 2025-11-08 07:38 GMT


ഇസ്താംബൂള്‍: ടര്‍ക്കിഷ് ഫുട്‌ബോളില്‍ വന്‍ വാതുവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമായി 17 റഫറിമാരേയും ഒരു സൂപ്പര്‍ ലിഗ് ക്ലബ്ബ് പ്രസിഡന്റും ഉള്‍പ്പെടെ 21 പേരെ അറസ്റ്റ് ചെയ്യാന്‍ തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 നഗരങ്ങളിലായി നടത്തിയ ഓപ്പറേഷനുകളില്‍ 21 പ്രതികളില്‍ 18 പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ കൃത്യനിര്‍വ്വഹണത്തിലെ ദുരുപയോഗം, മത്സരഫലങ്ങളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങി സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് വരെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരില്‍ തുര്‍ക്കിയിലെ ഉന്നത ഡിവിഷനില്‍ നിന്നുള്ള ഒരു ക്ലബ്ബ് പ്രസിഡന്റ്, മുന്‍ ക്ലബ്ബ് ഉടമ, മുന്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരും ഉള്‍പ്പെടുന്നതായി ഇസ്താംബുള്‍ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി.

തുര്‍ക്കി ഫുട്‌ബോളിനെ പിടിച്ചുകുലുക്കിയ അഴിമതിയില്‍ സ്‌ഫോടനാത്മകമായ വര്‍ധനവാണ് അറസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ വാതുവെപ്പ് നടത്തിയതിന് തുര്‍ക്കി ഫുട്‌ബോള്‍ ഫെഡറേഷന്‍ (TFF) 149 റഫറിമാരെയും അസിസ്റ്റന്റ് റഫറിമാരെയും അടുത്തിടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോള്‍ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. വാതുവെപ്പില്‍ ഉള്‍പ്പെട്ട 149 ഉദ്യോഗസ്ഥര്‍ക്ക് ടിഎഫ്എഫിന്റെ അച്ചടക്ക ബോര്‍ഡ് എട്ട് മുതല്‍ 12 മാസം വരെ വിലക്ക് ഏര്‍പ്പെടുത്തി. മൂന്ന് കേസുകള്‍ കൂടി ഇപ്പോഴും അവലോകനത്തിലാണ്. ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പട്ടിക ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടിഎഫ്എഫ് കണ്ടെത്തിയ വാതുവെപ്പിന്റെ വ്യാപ്തി ഫുട്‌ബോള്‍ അധികൃതരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. തുര്‍ക്കിയിലെ 571 സജീവ റഫറിമാരില്‍ 371 പേര്‍ക്ക് വാതുവെപ്പ് അക്കൗണ്ടുകളുണ്ടെന്നും അവരില്‍ 152 പേര്‍ സജീവമായി ചൂതാട്ടം നടത്തുന്നവരാണെന്നും ഫെഡറേഷന്റെ അഞ്ച് വര്‍ഷത്തെ അന്വേഷണത്തില്‍ വ്യക്തമായി. ചില റഫറിമാര്‍ വിരലിലെണ്ണാവുന്ന വാതുവെപ്പുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്ന് കണ്ടെത്തിയപ്പോള്‍, 42 പേര്‍ ഓരോരുത്തരും 1,000-ത്തിലധികം മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയിരുന്നു.




Tags: