ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയതുടക്കവുമായി ടോട്ടന്‍ഹാം; വെസ്റ്റ്ഹാമിനെ അട്ടിമറിച്ച് സണ്ടര്‍ലാന്റ്

Update: 2025-08-16 18:02 GMT


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളുടെ പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങി ടോട്ടനഹാം ഹോട്സ്പര്‍, സണ്ടര്‍ലാന്‍ഡ് ടീമുകള്‍. ആസ്റ്റണ്‍ വില്ല- ന്യൂകാസില്‍ പോരാട്ടം ഗോള്‍രഹിത സമനിലയിലും ബ്രൈറ്റന്‍- ഫുള്‍ഹാം പോരാട്ടം 1-1നും തുല്യമായി പിരിഞ്ഞു.ടോട്ടനം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബേണ്‍ലിയെ വീഴ്ത്തി. ഇത്തവണ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയ സണ്ടര്‍ലാന്‍ഡ് 3-0ത്തിനു വെസ്റ്റ് ഹാമിനെ അട്ടിമറിച്ചാണ് തിരിച്ചു വരവ് ആഘോഷിച്ചത്.

ബ്രസീലിയന്‍ താരം റിച്ചാര്‍ലിസന്‍ നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് ടോട്ടനം വിജയത്തുടക്കമിട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന സ്പേര്‍സ് രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. കളിയുടെ 10, 60 മിനിറ്റുകളിലാണ് റിച്ചാര്‍ലിസന്‍ വല ചലിപ്പിച്ചത്. 66ാം മിനിറ്റില്‍ ബ്രണ്ണന്‍ ജോണ്‍സന്‍ മൂന്നാം ഗോള്‍ വലയിലാക്കി. ടോട്ടനം തോമസ് ഫ്രാങ്കിന്റെ പരിശീലനത്തിലാണ് ഇത്തവണ കളത്തിലിറങ്ങിയത്.


ഗ്രഹാം പോട്ടറിന്റെ പരിശീലനത്തില്‍ മികവ് പ്രതീക്ഷിച്ചാണ് വെസ്റ്റ് ഹാം യുനൈറ്റഡ് ആദ്യ പോരിനിറങ്ങിയത്. എന്നാല്‍ ലീഗിലേക്കുള്ള മടങ്ങി വരവ് സണ്ടര്‍ലാന്‍ഡ് ഗംഭീരമായി ആഘോഷിച്ചത് ഹമ്മേഴ്സിനെ അട്ടിമറിച്ചാണ്. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കരിം പൂച്ചകള്‍ എന്നറിയിപ്പെടുന്ന സണ്ടര്‍ലാന്‍ഡിന്റെ പ്രീമിയര്‍ ലീഗ് പ്രവേശം.

ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് സണ്ടര്‍ലാന്‍ഡ് മൂന്ന് ഗോളുകള്‍ നേടിയത്. 61ാം മിനിറ്റില്‍ എലിസര്‍ മയെന്‍ഡ, 73ല്‍ ഡാനിയേല്‍ ബല്ലാര്‍ഡ്, ഇഞ്ച്വറി ടൈമില്‍ വില്‍സന്‍ ഇസിഡോര്‍ എന്നിവരാണ് ബ്ലാക്ക് ക്യാറ്റ്സിനായി വല ചലിപ്പിച്ചത്. ജയത്തോടെ അവര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.

Tags: