മല്‍സരത്തിനിടെ പരസ്യബോര്‍ഡിലേക്ക് തള്ളിയിട്ടു, ടോഗോ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരത്തിന് ഗുരുതര പരിക്ക്, കഴുത്ത് ഒടിഞ്ഞു
ബീജിങ്: മല്‍സരത്തിനിടെ എതിര്‍ടീം താരം പരസ്യബോര്‍ഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് ടോഗോ ദേശീയ ഫുട്‌ബോള്‍ താരം സാമുവല്‍ അസമോവയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ കഴുത്ത് ഒടിഞ്ഞതായും നാഡികള്‍ക്ക് ക്ഷതമേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചൈനീസ് രണ്ടാം നിര ക്ലബ്ബായ ഗ്വാങ്‌സി പിങ്ഗുവോയ്ക്കായി കളിക്കുന്ന താരമാണ് അസമോവ. ആഭ്യന്തരമല്‍സരത്തിനിടെയാണ് 31കാരന് പരിക്കേറ്റത്. എതിര്‍ ടീം താരം മല്‍സരത്തിനിടെ ഒരു എല്‍ഇഡി പരസ്യ ബോര്‍ഡിലേക്ക് തള്ളുകയായിരുന്നു.
ബോര്‍ഡില്‍ തല ശക്തമായി അടിക്കുകയായിരുന്നു. നാഡീക്ഷതം താരത്തിന് ഏറ്റിട്ടുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ക്ലബ്ബ് അറിയിച്ചു. ശരീരം ചലിപ്പിക്കാന്‍ പോലും താരത്തിന് ആവുന്നില്ലെന്നും ക്ലബ്ബ് അറിയിച്ചു. 2024ലാണ് ആഫ്രിക്കന്‍ രാജ്യമായ ടോംഗോയില്‍ നിന്ന് താരം ചൈനിയിലെത്തുന്നത്. മുമ്പ് ബെല്‍ജിയം ക്ലബ്ബിനു വേണ്ടിയും നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മിഡ്ഫീല്‍ഡറായ അസമോവ ടോഗോ ദേശീയ ടീമിനായി ആറ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
മല്‍സരത്തിനിടെ തല ഗ്രൗണ്ടിനടുത്തുള്ള കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച 21കാരനായ ചിഛെസ്റ്റര്‍ സിറ്റി എഫ്‌സി താരം കഴിഞ്ഞ മാസം മരിച്ചിരുന്നു. നോര്‍ത്ത് ലണ്ടനിലെ ഇസ്താമിയന്‍ ലീഗ് പ്രീമിയര്‍ ഡിവിഷനില്‍ കളിക്കുന്ന ക്ലബ്ബാണ് ചിഛെസ്റ്റര്‍. മുന്‍ ആഴ്‌സണല്‍ അക്കാദമി സ്‌ട്രൈക്കര്‍ ആയിരുന്ന ബില്ലേ വിഗറാണ് തലച്ചോറിന് ഗുരുതര പരിക്കേറ്റ് മരിച്ചത്.