ഇത് ആഫ്രിക്കന്‍ ചരിത്രം; കേപ്പ് വെര്‍ദ് ലോകകപ്പിന്

Update: 2025-10-14 10:31 GMT

പ്രൈയ: 2026 ഫിഫ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ആഫ്രിക്കന്‍ രാജ്യമായ കേപ്പ് വെര്‍ദ്. അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യമാണ് കേപ്പ് വെര്‍ദ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ എസ്വാറ്റിനിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈ കൊച്ചു രാജ്യം ലോകകപ്പിന് അര്‍ഹരായത്. ഡെയ്‌ലോണ്‍ ലിവ്‌റമെന്റോ, വില്ലി സെമഡോ, സ്റ്റോപ്പിറ എന്നിവരാണ് ചരിത്ര ഗോളുകള്‍ നേടിയത്. ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യമാണ് ഇവര്‍. 2018 റഷ്യന്‍ ലോകകപ്പില്‍ യോഗ്യത നേടിയ യൂറോപ്യന്‍ രാജ്യമായ ഐസ്ലാന്‍ഡാണ് ഏറ്റവും ചെറിയ രാജ്യം.

ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്ന ആറാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് കേപ്പ് വെര്‍ദ്. അള്‍ജീരിയ, ഈജിപ്ത്, ഘാന, മൊറോക്കോ, ടുണീഷ്യ എന്നിവരാണ് നേരത്തെ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് റൗണ്ടില്‍ കരുത്തരായ കാമറൂണിനെ മറികടന്നാണ് കേപ്പ് വെര്‍ദ ഒന്നാമതെത്തിയത്. 1970 കളുടെ പകുതിവരെ പോര്‍ച്ചുഗീസിന്റെ കോളനി ആയിരുന്ന കേപ്പ് വെര്‍ദ് അടുത്ത ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്ന മൂന്നാമത്തെ നവാഗതരും കൂടിയാണ്. ഏഷ്യയില്‍ നിന്ന് ടിക്കറ്റ് ഉറപ്പിച്ച ഉസ്ബകിസ്ഥാന്‍, ജോര്‍ദാന്‍ എന്നിവരാണ് മറ്റു രാജ്യങ്ങള്‍.

ടീമിലെ പകുതിയിലധികം താരങ്ങളും തുര്‍ക്കി, പോര്‍ച്ചുഗല്‍, ഇസ്രായേല്‍, റഷ്യ, സൗദി അറേബ്യ എന്നിവടങ്ങളിലെ ലീഗുകളില്‍ കളിക്കുന്നവരാണ്. സ്പാനിഷ് ക്ലബ്ബായ വിയ്യ റയലിന് വേണ്ടി കളിക്കുന്ന ലോഗന്‍ കോസ്റ്റ പ്രധാന താരങ്ങളില്‍ ഒരാളാണ്.കേപ്പ് വെര്‍ദയുടെ മുന്‍ താരമായ ബുബിസ്റ്റയാണ് 2020 മുതല്‍ ടീമിന്റെ പരിശീലകന്‍. 2023ല്‍ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ ഈ ടീം കുതിച്ചിരുന്നു.ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആണ് ടീം പരാജയപ്പെട്ടത്.കേപ്പ് വെര്‍ദിന്റെ വരവോടുകൂടി ലോകകപ്പില്‍ യോഗ്യത ഉറപ്പിക്കുന്ന ടീമുകളുടെ എണ്ണം 22 ആയി.





Tags: