റയലിന് ഇനി സാവി അലന്‍സോ യുഗം

Update: 2025-05-26 18:15 GMT

മാഡ്രിഡ്: കാര്‍ലോ ആഞ്ചലോട്ടി പടിയിറങ്ങിയ റയല്‍ മഡ്രിഡില്‍ സാവി അലന്‍സോ പരിശീലകക്കുപ്പായത്തില്‍ ഔദ്യോഗികമായി ചുമതലയേറ്റു. കാര്‍ലോ അഞ്ചലോട്ടി റയല്‍ വിട്ട് ബ്രസീല്‍ പരിശീലക പദവി ഏറ്റെടുത്തിരുന്നു. റയല്‍ ഈ സീസണില്‍ ചാംപ്യന്‍സ് ലീഗില്‍നിന്ന് നേരത്തേ പുറത്തായിരുന്നു. തുടര്‍ന്ന് കോപ ഡെല്‍ റെ ഫൈനലിലും പരാജയപ്പെട്ടു.

ലാ ലിഗ കിരീടവും ഇത്തവണ റയലിന് നഷ്ടപ്പെട്ടിരുന്നു. 2022 ഒക്ടോബറില്‍ ലെവര്‍കൂസനൊപ്പം ചേര്‍ന്ന അലന്‍സോ ടീമിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍നിന്ന് കരകയറ്റിയാണ് ചാംപ്യന്മാരാക്കി വളര്‍ത്തിയത്. 2024 സീസണില്‍ ടീം അപരാജിത കുതിപ്പുമായാണ് കിരീട ഡബിള്‍ നേടിയത്. ഇത്തവണ ബുണ്ടസാ ലീഗില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

സാവിക്ക് പകരം ബയേര്‍ ലെവര്‍കൂസന്‍ പരിശീലകനായി എറിക് ടെന്‍ ഹാഗിനെ നിയമിച്ചു. പ്രിമിയര്‍ ലീഗില്‍ ഏറെ പിറകിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായിരിക്കെ 2024 ഒക്ടോബറില്‍ ടീം പുറത്താക്കിയിരുന്നു. ഒമ്പത് കളികളില്‍ നാലെണ്ണം തോറ്റതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍. പിന്നീട് ചുമതലകളേറ്റിരുന്നില്ല.






Tags: