'ലോകം ഫലസ്തീനെ ഒറ്റപ്പെടുത്തി' ; കെഫിയ അണിഞ്ഞ് ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പെപ്പ് ഗ്വാര്‍ഡിയോള

Update: 2026-01-30 15:43 GMT

ബാഴ്‌സലോണ: ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിസന്ധിയിലായ ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. തന്റെ ജന്മനാടായ ബാഴ്സലോണയിലെ പാലാവു സാന്റ് ജോര്‍ഡി സ്‌പോര്‍ട്ടിംഗ് അരീനയില്‍ നടന്ന 'Act X Palestine' എന്ന ധനസമാഹരണ സംഗീത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ വിഷയങ്ങളില്‍ തന്റെ തുറന്ന നിലപാടുകള്‍ക്ക് പേരുകേട്ട ഇതിഹാസം കൂടിയാണ് ഗ്വാര്‍ഡിയോള.

ഫലസ്തീന്റെ പരമ്പരാഗതമായ കറുപ്പും വെളുപ്പും കലര്‍ന്ന സ്‌കാര്‍ഫ് (കെഫിയ) ധരിച്ചെത്തിയ ഗ്വാര്‍ഡിയോള 'ഗുഡ് ഈവനിങ്' എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് 'നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകട്ടെ' എന്നര്‍ത്ഥം വരുന്ന 'അസലാമു അലൈക്കും' എന്ന ഇസ് ലാമിക അഭിവാദ്യവും അദ്ദേഹം നടത്തി. യുദ്ധത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു.

ഇതൊരു പ്രത്യയശാസ്ത്രപരമായ വിഷയമല്ല, മറിച്ച് മാനവികതയുടെ പ്രശ്നമാണെന്നും, നിരപരാധികളായ കുട്ടികളും അമ്മമാരും കൊല്ലപ്പെടുന്നത് തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'നാം അവരെ ഒറ്റപ്പെടുത്തിയെന്നും ഉപേക്ഷിച്ചെന്നുമാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലും കാണുന്ന ആ ദൃശ്യങ്ങള്‍, തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 'എന്റെ അമ്മ എവിടെ?' എന്ന് ചോദിച്ചു കരയുന്ന കുട്ടി, തന്റെ അമ്മ മരിച്ച വിവരം പോലും ആ കുഞ്ഞറിഞ്ഞിട്ടില്ല. ഇതൊക്കെ കാണുമ്പോള്‍ നാം എന്താണ് ചിന്തിക്കുന്നത്?' അദ്ദേഹം ചോദിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത ഗ്വാര്‍ഡിയോള, ലോകനേതാക്കളുടെ നിശബ്ദതയെ കടുത്ത ഭാഷയില്‍ അപലപിച്ചു.

ലോകം ഫലസ്തീനെ ഒറ്റപ്പെടുത്തിയെന്നും, ശക്തരായവര്‍ ഭീരുക്കളാണെന്നും, അവര്‍ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗസയിലെ 'വംശഹത്യ'ക്കെതിരെ പ്രതിഷേധിക്കാന്‍ ബാഴ്സലോണയിലെ തെരുവുകളില്‍ ഇറങ്ങാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വന്തം വീടുകളില്‍ സുരക്ഷിതരായി ഇരുന്നുകൊണ്ട് നിരപരാധികളായ സാധാരണക്കാരെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ശക്തരായവര്‍ ഭീരുക്കളാണ്, കാരണം അവര്‍ നിരപരാധികളെ കൊല്ലാന്‍ മറ്റൊരു കൂട്ടം നിരപരാധികളെ അയക്കുന്നു. തണുപ്പുള്ളപ്പോള്‍ ഹീറ്ററും ചൂടുള്ളപ്പോള്‍ എസിയും ഇട്ട് അവര്‍ സുരക്ഷിതമായി സ്വന്തം വീടുകളില്‍ ഇരിക്കുകയാണ്,' അദ്ദേഹം വിമര്‍ശിച്ചു.

മനുഷ്യാവകാശ സംഘടനകളുടെയും കറ്റാലന്‍ സാംസ്‌കാരിക സംഘടനകളുടെയും കൂട്ടായ്മ സംഘടിപ്പിച്ച ഈ പരിപാടി, ഫലസ്തീനിലെ മാനുഷിക സഹായത്തിനും സാംസ്‌കാരിക പുനര്‍നിര്‍മ്മാണത്തിനുമായി ധനസമാഹരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. ബാഡ് ഗ്യാല്‍, ലൂയിസ് ലാക്ക് എന്നീ കലാകാരന്മാര്‍ക്കൊപ്പം ഫലസ്തീനിയന്‍ ഗായകരായ സെയ്ന്‍, ലിന മഖൂള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഇവിടുന്ന് ലഭിക്കുന്ന വരുമാനം ഫലസ്തീന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് നെറ്റ്വര്‍ക്ക് (PPAN) വഴി അവിടുത്തെ സാംസ്‌കാരിക കേന്ദ്രങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കും.

സംഗീതം ഒരു 'മികച്ച സമൂഹത്തെ' കെട്ടിപ്പടുക്കാന്‍ പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരു പ്രത്യാശയുടെ സന്ദേശവുമായാണ് ഗ്വാര്‍ഡിയോള തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഗസയ്ക്കും ഫലസ്തീനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഗസയിലെ സംഘര്‍ഷത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് 2025 ഒക്ടോബറില്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബര്‍ 4-ന് തന്റെ ജന്മനാടായ ബാഴ്സലോണയില്‍ നടന്ന ഫലസ്തീന്‍ അനുകൂല പ്രകടനത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചിരുന്നു.

2025 ജൂണില്‍ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ആദരസൂചകമായി ഡോക്റേറ്റ് സ്വീകരിച്ച വേളയില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഗസയില്‍ നമ്മള്‍ കാണുന്നത് അതിയായ വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് എന്റെ ശരീരം മുഴുവന്‍ നോവിക്കുന്നു'. ഇത് സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു.





Tags: