ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു; ഐഎസ്എല്‍ ഫെബ്രുവരി 14ന് ആരംഭിക്കും
മുംബൈ: ഫെബ്രുവരി 14ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കമവും. കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 14 ക്ലബ്ബുകളേയും ഉള്‍പ്പെടുത്തിത്തന്നെയാവും ഐഎസ്എല്‍ നടക്കുക. ഇന്ന് നടന്ന ക്ലബ്ബ് ഉടമകളുടേയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഭാരവാഹികളുടേയും യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തവണ ഹോം എവേ രീതിയില്‍ 91 മത്സരങ്ങളാവും ടൂര്‍ണമെന്റിലുണ്ടാവുക. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും മത്സരമുണ്ടാവും.
ആദ്യ ഘട്ട ആലോചനയില്‍ ഹോം ഗ്രൗണ്ട് മത്സരങ്ങളില്ലാതെ രണ്ട് വേദികളിലായി മാത്രം മത്സരം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതിനോട് ക്ലബ്ബുകള്‍ കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. ഹോം മത്സരങ്ങളില്ലാതെ ടൂര്‍ണമെന്റ് നടത്തുന്നത് ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന പ്രഖ്യാപനം അനുസരിച്ച് ടീമുകള്‍ക്ക് ഹോം മത്സരങ്ങളുണ്ടാവും. ഇത് എത്രയെണ്ണം ഉണ്ടാവുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതായുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങള്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. കാരണം ഐഎസ്എല്ലില്‍ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ടുതന്നെ കൊച്ചിയില്‍ ഐഎസ്എല്‍ മത്സരങ്ങളില്ലാതെ പോകുന്നത് വലിയ നാണക്കേടാണ്. ഇക്കാരണത്താല്‍ത്തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങള്‍ അനുവദിക്കുന്ന തരത്തിലാവും ഫിക്‌സചര്‍ ഉണ്ടാവുകയെന്ന കാര്യം ഉറപ്പാണ്.
മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി , എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, എസ് സി ഡല്‍ഹി, ബംഗളൂരു എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, ഒഡീഷ എഫ്‌സി, ഇന്റര്‍ കാശി എന്നിവരാണ് ഐഎസ്എല്ലില്‍ ഇത്തവണ മാറ്റുരക്കുക.ഐഎസ്എല്‍ ആരംഭിക്കുന്ന അതേ സമയത്ത് തന്നെ ഐ ലീഗ് രണ്ടാം ഡിവിഷനും മൂന്നാം ഡിവിഷനും ആരംഭിക്കുമെന്നാണ് എഐഎഫ്എഫ് തലവനായ കല്യാണ്‍ ചൗബേ പറഞ്ഞത്. ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ടീമുകളെല്ലാം വീണ്ടും പരിശീലനം ആരംഭിക്കാനൊരുങ്ങുകയാണ്.
