റെക്കോഡുകളുടെ തോഴന് വീണ്ടും റെക്കോഡ്; ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കൂടുതല്‍ ഗോളുകളുമായി ക്രിസ്റ്റ്യാനോ
ലിസ്ബണ്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഹംഗറിക്കെതിരെ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയിരുന്നു. ലിസ്ബണില്‍ ആവേശപ്പോരാട്ടത്തില്‍ 2-2 നാണ് പോര്‍ച്ചുഗല്‍ സമനില വഴങ്ങിയത്. ടീമിന് വിജയം കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലുും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ സ്വന്തമാക്കി. ഇതോടെ മറ്റൊരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്‌ബോളിലെ മുന്‍നിര ഗോള്‍വേട്ടക്കാരനായ താരം ഇപ്പോള്‍ 41 ഗോളുകളുമായി ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി. ഗ്വാട്ടിമാലയ്ക്കായി 39 ഗോളുകള്‍ നേടിയ കാര്‍ലോസ് റൂയിസിനെയാണ് താരം മറികടന്നത്.
യോഗ്യതാ മല്‍സരങ്ങളിലെ റൊണാള്‍ഡോയുടെ പ്രകടനം ശ്രദ്ധേയമാണ്. 51 മല്‍സരങ്ങളാണ് ക്രിസ്റ്റ്യാനോ ഇതുവരെ കളിച്ചത്. ഇതില്‍ 36 മല്‍സരങ്ങളിലും പോര്‍ച്ചുഗല്‍ വിജയിച്ചു. രണ്ടുതവണ മാത്രമാണ് തോറ്റത്. 2004 സെപ്റ്റംബര്‍ 4 ന് ലാത്വിയയ്ക്കെതിരെയായിരുന്നു താരത്തിന്റെ ആദ്യ യോഗ്യതാ ഗോള്‍. അഞ്ച് വ്യത്യസ്ത ലോകകപ്പ് ഫൈനല്‍ പതിപ്പുകളില്‍ ഗോള്‍ നേടിയ താരം കൂടിയാണ് റൊണാള്‍ഡോ.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ ലയണല്‍ മെസ്സി 36 ഗോളുകളുമായി മൂന്നാം സ്ഥാനത്താണ് നില്‍ക്കുന്നത്. അലി ദായി 35 ഗോളുകളുമായി രണ്ടാം സ്ഥാനത്തും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി 33 ഗോളുകളുമായി അഞ്ചാം സ്ഥാനത്തുമാണ്. അതേസമയം പോര്‍ച്ചുഗലിനെതിരെ അവസാന മിനിറ്റിലാണ് ഹംഗറി സമനില ഗോള്‍ സ്വന്തമാക്കിയത്. അവസാന മിനിറ്റ് വരെ 2-1ന് മുന്നില്‍ നില്‍ക്കുകയായിരുന്നു പോര്‍ച്ചുഗല്‍. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഹംഗറി ഗോള്‍ നേടി.
