മലപ്പുറം: ഇന്ത്യന്‍ അണ്ടര്‍ 16 താരവും ഈയിടെ ഗോകുലം കേരള എഫ്‌സിയുടെ ഭാഗവുമായ മലപ്പുറം ജില്ലയിലെ മൊറയൂര്‍ സ്വദേശി ഷബാസ് അഹമ്മദിനു സന്തോഷ് ട്രോഫി ക്യാംപിലേക്കു ക്ഷണം. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച അറിയിച്ച് ഷബാസിനു ലഭിച്ചത്. ഇന്ത്യന്‍ ആരോസ് ക്ലബ്ബിന്റെ പ്രതിരോധനിരയിലെ മിന്നുംതാരമായ 17കാരനെ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ മികച്ച മുന്നേറ്റം നടത്തുന്ന ഗോകുലം കേരള എഫ്‌സി റാഞ്ചിയത്. ഒരു വര്‍ഷത്തേക്കാണു കേരള എഫ്‌സിയുടെ കരാര്‍.
മൊറയൂര്‍ അരിമ്പ്ര ബിരിയപ്പുറം മൂത്തേടത്ത് ബഷീറിന്റെ മകനായ ഷബാസ് ഇന്ത്യക്ക് വേണ്ടിയും ആരോസിന് വേണ്ടിയും മികച്ച പ്രകടനമാണു കാഴ്ചവച്ചിരുന്നത്. അണ്ടര്‍-16 ഇന്ത്യന്‍ ടീമംഗമായി ജപ്പാന്‍, യെമന്‍, ജോര്‍ദ്ദാന്‍, ഖത്തര്‍, ഇറാഖ്, ഈജിപ്ത്, നേപ്പാള്‍, യുഎഇ, സ്‌പെയിന്‍, ഹോങ്കോങ്, താജിക്കിസ്ഥാന്‍, സെര്‍ബിയ, ചൈന, മലേസ്യ, തായ്‌ലന്റ് രാജ്യങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സപ്തംബറില്‍ മലേസ്യയില്‍ നടന്ന എഎഫ്‌സി ടൂര്‍ണമെന്റിന് ഇന്ത്യയ്ക്കു യോഗ്യത ലഭിക്കുന്നതില്‍ ഷബാസിന്റെ പങ്ക് വലുതായിരുന്നു. ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് സ്‌പോര്‍ട്‌സ് ഹോസ്റ്റിലൂടെയാണ് ഷാനു എന്ന ഷബാസ് പ്രഫഷനല്‍ ഫുട്‌ബോള്‍ രംഗത്തെത്തിയത്.