സഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനും

Update: 2025-05-28 12:47 GMT

മ്യൂണിക്ക്: സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ സഹകരണക്കരാര്‍ ഒപ്പുവെച്ചു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്സ് ഡയറക്ടര്‍ കേ ഡാംഹോള്‍സും 3. ലീഗ, ഫുട്‌സല്‍-ബുണ്ടസ്ലിഗ മേധാവി ഫിലിപ്പ് മെര്‍ഗെന്തലറും കരാറില്‍ ഒപ്പുവച്ചു.

ജര്‍മനിയുടെ ലോകോത്തര ഫുട്‌ബോള്‍ പശ്ചാത്തല സൗകര്യങ്ങളും പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുള്ള അവരുടെ തനത് രീതികളും കേരള ഫുട്‌ബോളിന് വലിയ മുതല്‍ക്കൂട്ടാകും. സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടല്‍ എന്നിവയിലൂടെ ഫുട്‌ബോള്‍ വികസനം സാധ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. സൂപ്പര്‍ ലീഗ് കേരള കളിക്കാര്‍ക്ക് ജര്‍മനിയില്‍ ഉന്നതനിലവാരത്തിലുള്ള പരിശീലനം നേടാന്‍ ഇതു വഴി അവസരം ലഭിക്കും. കൂടാതെ, പരിചയസമ്പന്നരായ ജര്‍മന്‍ ഫുട്‌ബോള്‍ പ്രഫഷണലുകള്‍ക്കും കോച്ചുമാര്‍ക്കും സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും സംസ്ഥാനത്തെ ഫുട്ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ സംഭാവന നല്‍കുന്നതിനും കഴിയും.

മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശത്രുഘ്ന സിന്‍ഹ, എഫ്.സി. ഇന്‍ഗോള്‍സ്റ്റാഡ് സിഇഒ ഡയറ്റ്മര്‍ ബെയേഴ്സ്ഡോര്‍ഫര്‍, ടി.എസ്.ജി. ഹോഫന്‍ഹൈം, ഡിഎഫ്ബി ഉപദേഷ്ടാവ് കൗശിക് മൗലിക്, ഓസ്ട്രിയയിലെ ഇന്ത്യ ഫുട്‌ബോള്‍ സെന്ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ജര്‍മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ വലിയൊരു സംഘം സാക്ഷ്യം വഹിച്ച ഈ ചടങ്ങ്, കേരള ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ ലോകമെമ്പാടുമുള്ള താല്‍പ്പര്യം വര്‍ധിച്ചുവരുന്നു എന്നതിന്റെ സൂചന കൂടിയാണ്.




Tags: