സമനിലയോടെ സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര കരിയറിന് വിരാമം

Update: 2024-06-06 17:25 GMT

കൊല്‍ക്കത്ത: അന്താരാഷ്ട്ര ഫുട്‌ബോളിലെ തന്റെ വിരമിക്കല്‍ മത്സരം കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് സമനിലയുടെ മടക്കം. ഒന്നര ദശകത്തോളം ഇന്ത്യന്‍ ഫുട്‌ബോളിനെ തോളിലേറ്റി നീലക്കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച(94) ഛേത്രിക്കും തന്റെ അവസാന മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള(139) കുവൈറ്റ് ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍(0-0) തളച്ചു.


 ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിംഗിലെ പോരായ്മമൂലും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു ടീമുകള്‍ക്കും കഴിയാതിരുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസത്തിന് വിജയമധുരത്തോടെ വിട പറയാന്‍ ഇന്ത്യക്കായില്ല. മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ഛേത്രി വിടവാങ്ങിയത്. മത്സരത്തിനൊടുവില്‍ ഗ്യാലറിയെ അഭിവാദ്യം ചെയ്ത സുനില്‍ ഛേത്രി ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ചു.

കവൈറ്റിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണായകമായി.അവസാന മത്സരത്തില്‍ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല. കുവൈറ്റിനാകട്ടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും.





Tags: