സുനില്‍ ഛേത്രിക്ക് വിളി വന്നത് ഏഷ്യാകപ്പിലേക്ക്; ബംഗ്ലാദേശിനെതിരേ കളിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ തേടി സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സുനില്‍ ഛേത്രി വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇതിഹാസ നായകന്റെ തിരിച്ചുവരവ് അറിയിച്ചത്.
വിരമിക്കല്‍ പിന്‍വലിച്ച ഛേത്രി എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങും. 40 വയസ്സുകാരനായ ഛേത്രി മൂന്നാം റൗണ്ടിലെ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെയാണ് കളിക്കുക. മാര്‍ച്ച് 25നാണ് മത്സരം. കഴിഞ്ഞ വര്‍ഷമായിരുന്നു സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജൂണില്‍ കുവൈത്തിനെതിരെ നടന്ന മത്സരത്തിലാണ് ഛേത്രി അവസാനമായി ഇന്ത്യക്ക് വേണ്ടി ബുട്ടണിഞ്ഞത്. ഈ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.
2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബംഗ്ലാദേശ്, ചൈന, സിംഗപ്പൂര്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ ഇനി കളിക്കുക. ഈ മാസം 19ന് മാലിദ്വീപിനെതിരെ സൗഹൃദ മത്സരവും ഇന്ത്യക്ക് മുമ്പിലുണ്ട്. ഇതിനുശേഷം 2027ല്‍ നടക്കുന്ന എഎഫ്‌സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും. ഛേത്രിയുടെ മടങ്ങിവരവ് ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസമായിരിക്കും നല്‍കുക.