വിവാദ പ്രസ്താവന; ഒഡീഷ എഫ് സി കോച്ചിനെ പുറത്താക്കി
ഗോളടിക്കാത്ത തന്റെ ടീമിലെ താരങ്ങള്‍ക്കെതിരേ ആയിരുന്നു കോച്ചിന്റെ മോശം പ്രസ്താവന.
പനാജി; ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഒഡീഷാ എഫ് സി അവരുടെ കോച്ച് സ്റ്റുവര്‍ട്ട് ബാക്‌സറ്ററിനെ പുറത്താക്കി. കഴിഞ്ഞ ദിവസം ജംഷദ്പൂര്‍ എഫ് സിക്കെതിരേ തോറ്റ തന്റെ ടീമിനെതിരേ കോച്ച് മോശം പ്രസ്താവന നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്ലബ്ബ് കോച്ചിനെ പുറത്താക്കിയത്. ഗോളടിക്കാത്ത തന്റെ ടീമിലെ താരങ്ങള്‍ക്കെതിരേ ആയിരുന്നു കോച്ചിന്റെ മോശം പ്രസ്താവന.ഇതേ തുടര്‍ന്ന് ക്ലബ്ബ് താരങ്ങളോടും ആരാധകരോടും മാപ്പ് പറഞ്ഞിരുന്നു. മുന്‍ ഇംഗ്ലണ്ട് താരമായ ബാക്‌സറ്റര്‍ ഫിന്‍ലാന്റ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമുകളെ പരിശീലിപ്പിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ അവസാന സ്ഥാനത്താണ്. സഹപരീശീലകനായിരിക്കും ഒഡീഷയെ തുടര്‍ന്ന് പരിശീലിപ്പിക്കുക. ക്ലബ്ബിന്റെ മാന്യതയ്ക്ക് നിരയ്ക്കാത്ത പ്രസ്താവനയാണ് ബാക്‌സറ്റര്‍ നടത്തിയതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ഒഡീഷാ എഫ് സി മാനേജര്‍ രോഹന്‍ ശര്‍മ്മ അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ബാക്‌സ്റ്റര്‍ രണ്ട് വര്‍ഷത്തേക്ക് ഒഡീഷയുടെ കോച്ചായി ചുമതലയേറ്റത്.