സാന്റിയാഗോ ബെര്‍ണബ്യൂ: ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ലെവാന്റെയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലെയും കോപ്പ ഡെല്‍ റേയിലെയും നിരാശയില്‍ നിന്നുള്ള ആശ്വാസമാണ് ഈ ജയം.
റയലിന് വേണ്ടി കിലിയന്‍ എംബാപ്പെയും റൗള്‍ അസെന്‍സിയോയും വലകുലുക്കി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 58-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച കിലിയന്‍ എംബാപ്പെയാണ് റയലിന് ആദ്യ ലീഡ് സമ്മാനിച്ചത്. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം അസെന്‍സിയോയിലൂടെ രണ്ടാം ഗോളും പിറന്നു. യുവതാരം അര്‍ദ ഗുളറുടെ കൃത്യതയാര്‍ന്ന പാസില്‍ നിന്ന് പ്രതിരോധ താരം റൗള്‍ അസെന്‍സിയോ ടീമിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
മുന്‍ പരിശീലകന്‍ സാബി അലോണ്‍സോയ്ക്ക് പകരമെത്തിയ കോച്ച് അല്‍വാരോ അര്‍ബലോവയുടെ കീഴില്‍ റയലിന്റെ ആദ്യമല്‍സരമായിരുന്നു ഇത്. ഈ ജയത്തോടെ റയല്‍ മാഡ്രിഡ് 48 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍. ഒരു മല്‍സരം കുറവ് കളിച്ച ബാഴ്‌സലോണ 49 പോയിന്റുമായി ഒന്നാമത് തുടരുന്നു.