സ്പാനിഷ് ലീഗ്; മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് അടിതെറ്റി, അത്‌ലറ്റിക്കോയ്ക്ക് വമ്പന്‍ ജയം
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ പരാജയം. മാഡ്രിഡ് ഡര്‍ബിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ അഞ്ച് ഗോളിന് റയല്‍ മാഡ്രിഡിനെ വീഴ്ത്തി. ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ടഗോള്‍ മികവിലാണ് അത്‌ലറ്റിക്കോയുടെ ജയം. പതിനാലാം മിനിറ്റില്‍ റോബിന്‍ ലേ നോര്‍മന്‍ഡ് ആണ് അത്‌ലറ്റിക്കോയുടെ ഗോള്‍വേട്ട തുടങ്ങിവെച്ചത്. 25-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ സമനില പിടിച്ചു. 36-ാം മിനിറ്റില്‍ ആര്‍ദ ഗുലര്‍ റയലിന് ലീഡും നല്‍കി.
എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലക്‌സാണ്ടര്‍ സോര്‍ലോത്തിലൂടെ സമനില പിടിച്ച അത്‌ലറ്റിക്കോ 51-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന്റെ പെനല്‍റ്റി ഗോളിലൂടെ മുന്നിലെത്തി.63ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ അല്‍വാരസ് അത്‌ലറ്റിക്കോയെ രണ്ടടി മുന്നിലെത്തിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍(90+3) അന്റോയ്ന്‍ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോയുടെ ജയം ആധികാരികമാക്കി അഞ്ചാം ഗോളും നേടിയതോടെ റയലിന്റെ പതനം പൂര്‍ണമായി. സ്പാനിഷ് ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സലോണ ഇന്ന് രാത്രി പത്തിന് റയല്‍ സോസിഡാഡുമായി ഏറ്റുമുട്ടും.