മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് തിരികെ കയറി ബാഴ്സലോണ. ഇന്നലെ റയോ വയ്യക്കാനോക്കെതിരെ നിര്‍ണായക വിജയം സ്വന്തമാക്കിയാണ് ഹാന്‍സി ഫ്ളിക്കിന്റെ സംഘം തലപ്പത്തേക്ക് വീണ്ടും കയറിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനായിരുന്നു ബാഴ്സയുടെ ജയം.റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പെനാല്‍റ്റി ഗോളാണ് കറ്റാലന്‍ പടയുടെ ജയം നിര്‍ണയിച്ചത്. സീസണില്‍ താരം നേടുന്ന 20ാം ഗോളാണിത്. കളിയുടെ 28ാം മിനിറ്റിലാണ് ബാഴ്സ ജയമുറപ്പിച്ച ഗോള്‍ വലയിലിട്ടത്. ബാഴ്സലോണ തലപ്പത്തേക്ക് വന്നതോടെ ലാ ലിഗ കിരീട പോരും കടുത്തു.
കഴിഞ്ഞ മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ഒസാസുനയുമായും അത്ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റ വിഗോയുമായും സമനിലയില്‍ പിരിഞ്ഞത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി മാറി. റയല്‍ ഒന്നാമതും അത്ലറ്റിക്കോ രണ്ടാം സ്ഥാനത്തും ബാഴ്സ മൂന്നാം സ്ഥാനത്തുമായിരുന്നു. ജയത്തോടെ ബാഴ്സ ഒന്നാം സ്ഥാനത്തേക്ക് കയറി.
നിലവില്‍ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും 51 പോയിന്റുകള്‍ വീതം. ഗോള്‍ ശരാശരിയില്‍ ബാഴ്സ ബഹുദൂരം മുന്നിലാണ്. അത്ലറ്റിക്കോയ്ക്ക് 50 പോയിന്റുണ്ട്. അവര്‍ മൂന്നാമതാണ്.