സ്പാനിഷ് ലീഗ്; ബാഴ്‌സ കിരീടത്തിനരികെ; എല്‍ ക്ലാസ്സിക്കോയിലും റയലിനെ തകര്‍ത്തെറിഞ്ഞു; എംബാപ്പെയുടെ ഹാട്രിക്ക് വിഫലം
ബാഴ്‌സലോണ: സീസണിലെ അവസാന എല്‍ ക്ലാസിക്കോ പോരില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് (4-3) റയലിനെ വീഴ്ത്തി ബാഴ്‌സലോണ ലാ ലിഗ കിരീടം ഏറെ കുറേ ഉറപ്പിച്ചു. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്ക് ഗോളുകള്‍ക്കും റയല്‍ മാഡ്രിഡിനെ രക്ഷിക്കാനായില്ല. ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എറിക് ഗാര്‍ഷ്യ (19 മി.), ലാമീന്‍ യമാല്‍ (32 മി.), റഫീഞ്ഞ (34, 45 മി.) എന്നിവര്‍ ബാഴ്‌സക്കായി ഗോള്‍ നേടിയപ്പോള്‍ റയലിന്റെ മറുപടി മൂന്നും എംബാപ്പെയുടെ വകയായിരുന്നു.
ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള വമ്പന്മാരുടെ പോരാട്ടം ജയിച്ച ബാഴ്‌സ കിരീടത്തിനരികെയെത്തി. കാര്‍ലോ ആഞ്ചലോട്ടി പടിയിറങ്ങുന്ന റയലിന് ഇതോടെ വന്‍നഷ്ടങ്ങളുടെ സീസണാകും.