സോള്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ താരം ദക്ഷിണകൊറിയയുടെ സണ്‍ ഹ്യുങ് മിന്‍ ക്ലബ്ബ് വിട്ടു. 10 വര്‍ഷത്തിന് ശേഷമാണ് താരം ടോട്ടന്‍ഹാം വിടുന്നത്. പുതിയ സീസണില്‍ എംഎല്‍എസ് ക്ലബ്ബ് ലോസ്ആഞ്ചലെസ് എഫ് സിക്കൊപ്പം കളിക്കും. കബ്ബുമായുള്ള കരാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
33കാരനായ സണ്‍ 2015ലാണ് ബയര്‍ ലെവര്‍ക്യൂസണില്‍ നിന്നും ടോട്ടന്‍ഹാമിലെത്തുന്നത്. 333 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ സണ്‍ 126 ഗോളുകള്‍ നേടുകയും 2025ല്‍ യൂറോപ്പ ലീഗ് ജേതാക്കളായ ടോട്ടനം ടീമിലെ നിര്‍ണായക സാന്നിധ്യമാകുകയും ചെയ്തു.
''ഈ വേനലോടെ ക്ലബില്‍ നിന്നും പോകാന്‍ ഞാന്‍ തീരുമാനിച്ചതാണ്-താരം പറഞ്ഞു. എന്റെ ഫുട്‌ബോള്‍ കരിയറില്‍ ഞാനെടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാണമാണിത്. ഒരു ടീമിനൊപ്പം പത്ത് വര്‍ഷങ്ങള്‍ കളിക്കുക എന്നത് അഭിമാനമുള്ള കാര്യമാണ്. ഓരോ ദിവസവും ഈ ടീമിനായി ഞാന്‍ എല്ലാം നല്‍കി. ഗ്രൗണ്ടിലും അതിന് പുറത്തും ഞാന്‍ ഏറ്റവും മികച്ചത് തന്നെ നല്‍കി. യൂറോപ്പ ലീഗ് വിജയിക്കാനായത് നേട്ടമായി കരുതുന്നു.'പത്തുവര്‍ഷം മുമ്പ് ടോട്ടന്‍ഹാമിലെത്തുമ്പോള്‍ ഞാന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പോലുമറിയാത്ത കുട്ടിയായിരുന്നു. ഒരു മുതിര്‍ന്നയാളായാണ് ഞാന്‍ ഇവിടെ നിന്നും മടങ്ങുന്നത്. വിടപറയാനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്ന് കരുതുന്നു'' -സണ്‍ പ്രതികരിച്ചു. കൂടാതെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടരുമെന്നതിനെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളും സണ്‍ പങ്കുവെച്ചു. അടുത്ത ലോകകപ്പ് എന്റെ അവസാനത്തേതാകുമെന്നും അതിനായി എല്ലാം നല്‍കുമെന്നും സണ്‍ കൂട്ടിച്ചേര്‍ത്തു.
