ഗില്ലിന്റെ ആരോഗ്യസ്ഥിതി മോശം; ഏഷ്യാകപ്പില്‍ കളിക്കുന്ന കാര്യം സംശയത്തില്‍
ബംഗളൂരു: ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിന്‍റെ ക്യാപ്റ്റനായ ശുഭ്മന്‍ ഗില്‍ അസുഖബാധിതനായതിനാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നു. വ്യാഴാഴ്ച ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ക്കിടെ തന്നെ, ആരോഗ്യസ്ഥിതി വിലയിരുത്തി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രക്തപരിശോധനാ ഫലമടക്കം ബിസിസിഐക്ക് താരം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ താരം ചണ്ഡീസ്ഗഡിലെ വീട്ടില്‍ വിശ്രമത്തിലാണെന്ന് അറിയുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമിനെ നയിച്ച ഗില്‍ മൂന്ന് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും നേടി ഇന്ത്യയ്ക്ക് വിജയത്തോളംപോലെ സമനില സമ്മാനിച്ചിരുന്നു. പരമ്പരക്ക് പിന്നാലെ ഗ്രീസില്‍ അവധിക്കാലം ആഘോഷിച്ച് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അസുഖം പിടിപെട്ടത്.
2023 ഒക്ടോബറില്‍ ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഗില്ലിന് ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇപ്പോള്‍ വൈറല്‍ ഫീവറാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റെവ്സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ ഈ മാസം ആദ്യം മുംബൈയിലെ ലാബില്‍ രക്തപരിശോധന നടത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗില്ലിന്‍റെ ആരോഗ്യസ്ഥിതി ആശങ്കയുയര്‍ത്തിയതോടെ ഏഷ്യാക്കപ്പില്‍ താരം കളിക്കുമോ എന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. അസുഖം മാറി തിരിച്ചെത്തിയാലും മുഴുവന്‍ ടൂര്‍ണമെന്റിലും ഗില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഇതോടെ മലയാളി താരം സഞ്ജു സാംസണിന്‍റെ ഓപ്പണര്‍ സ്ഥാനവും ചോദ്യംചിഹ്നത്തിലായിരിക്കുകയാണ്. ഗില്‍ ഓപ്പണറായി കളിക്കാനാണ് സാധ്യതയെന്നതിനാല്‍ സഞ്ജുവിനെ അഞ്ചാമനായി ഇറക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
