ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യ; ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ആര്‍എസ്എസിനെ പ്രതിചേര്‍ക്കാത്തതില്‍ വിമര്‍ശനം

Update: 2025-10-14 10:44 GMT

ന്യൂഡല്‍ഹി: അനന്തു അജിയുടെ ആത്മഹത്യ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.


 കേസില്‍ പോലിസ് കേസെടുത്തിട്ടുണ്ടെങ്കിലും ആര്‍എസ്എസിനെയോ നേതാക്കളെയോ പ്രതിചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നത്. കേരളത്തിലെ സര്‍ക്കാരിന് ആര്‍എസ്എസിനെ ഭയമാണെന്നും, കേസെടുത്ത് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍നിന്ന് ആര്‍എസ്എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണണ് സംസ്ഥാന സര്‍ക്കാരിനെതിരെ എഐസിസി നിലപാട് കടുപ്പിക്കുന്നത്.

ചൂഷണം ചെയ്ത ആളിന്റെ വ്യക്തമായ സൂചന നല്‍കിയിട്ടും പോലിസ് അവഗണിച്ചു. പ്രധാനമന്ത്രിയടക്കം വളര്‍ന്നു വന്ന ആര്‍എസ്എസ് ശാഖകളില്‍ ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പവന്‍ ഖേര ആവശ്യപ്പെട്ടു.



Tags: