സെനഗല്‍ യുവ ഗോള്‍കീപ്പറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

Update: 2025-10-21 06:14 GMT

ഡാക്കര്‍: ട്രയല്‍സിനെന്ന് പറഞ്ഞ് കബളിപ്പിച്ച് സെനഗല്‍ യുവ ഗോള്‍കീപ്പറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 18-കാരനായ ഗോള്‍കീപ്പര്‍ ചെയ്ഖ് ടൂറെയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ട്രയല്‍സില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് സംഘം ടൂറെയെ തട്ടിക്കൊണ്ടുപോയത്. ഘാനയില്‍ എത്തിച്ചശേഷമായിരുന്നു കൊലപാതകം. സംഘം ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ ടൂറെയുടെ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു കൊലപാതകം.

ശനിയാഴ്ച ആഫ്രിക്കന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് മന്ത്രാലയം ടൂറെയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം ഉടന്‍ തന്നെ സെനഗലിലേക്ക് തിരികെ കൊണ്ടുവരും. സെനഗലിലെ യെംബെയുളിലെ എസ്പ്രിറ്റ് ഫൂട്ട് അക്കാദമിയുടെ താരമായിരുന്നു ടൂറെ. ഘാനയിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ട്രയല്‍സിനെന്നു പറഞ്ഞ് കബളിപ്പിച്ചാണ് സംഘം യുവതാരത്തെ കുടുക്കിയത്.

പ്രൊഫഷണല്‍ ക്ലബ്ബില്‍ കളിക്കാമെന്ന മോഹവുമായി ഘാനയിലെത്തിയ യുവതാരത്തെ സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയായിരുന്നു. പിന്നീട് കുടുംബത്തോട് പണം ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വലിയ തുക കണ്ടെത്താന്‍ കുടുംബത്തിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് സംഘം ടൂറെയെ കൊലപ്പെടുത്തി ഘാനയിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.യുവതാരത്തെ കൊലപ്പെടുത്തിയ ക്രിമിനല്‍ സംഘത്തെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഘാന പോലിസുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചതായി സെനഗലിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എസ്പ്രിറ്റ് ഫുട്ട് അക്കാദമിയുടെ മികച്ച യുവതാരങ്ങളില്‍ ഒരാളായിരുന്നു ടൂറെ.




Tags: