മൊറോക്കോയെ വീഴ്ത്തി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെനഗലിന്

Update: 2026-01-19 06:32 GMT

റാബാറ്റ്: ആതിഥേയരായ മൊറോക്കോയെ വീഴ്ത്തി സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. ആവേശവും നാടകീയതയും വിവാദവും ബഹിഷ്‌കരണവും എല്ലാം കണ്ട ഒരു ഫൈനല്‍ പോരാട്ടത്തിനൊടുവിലാണ് സെനഗലിന്റെ കിരീടധാരണം. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് സെനഗല്‍ ജയവും കിരീടം പിടിച്ചെടുത്തത്. സെനഗല്‍ ഫുട്ബോള്‍ ചരിത്രത്തിലെ രണ്ടാം നേഷന്‍സ് കപ്പ് കിരീടമാണിത്. നേരത്തെ 2021ലാണ് അവര്‍ ആദ്യമായി കിരീടം സ്വന്തമാക്കിയത്.

ഫൈനലിലെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മല്‍സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 94ാം മിനിറ്റില്‍ വിയാറല്‍ മധ്യനിര താരം പാപ് ഗെയ് നേടിയ നിര്‍ണായക ഗോളാണ് സെനഗലിന്റെ ചാംപ്യന്‍പട്ടം നിര്‍ണയിച്ചത്.

മല്‍സരം ഇഞ്ചുറി സമയത്തേക്ക് കടന്നപ്പോഴാണ് വിവാദങ്ങളുടെ തുടക്കം. മൊറോക്കോ താരവും റയല്‍ മാഡ്രിഡ് മുന്നേറ്റക്കാരനുമായ ബ്രഹിം ഡിയാസിനെ മൊറോക്കോ താരം എല്‍ഹാജി ദിയോഫ് ബോക്സില്‍ ഫൗള്‍ ചെയ്തതിനു റഫറി ജീന്‍ ജാക്വസ് എന്‍ഡല പെനാല്‍റ്റി വിധിക്കുന്നു. വാര്‍ പരിശോധയില്‍ ഈ പെനാല്‍റ്റി അനുവദിക്കപ്പെടുകയും ചെയ്തു. ഈ സമയത്ത് മല്‍സരം ഗോള്‍രഹിത സമനിലയിലായിരുന്നു.

ഈ പെനാല്‍റ്റി വിവാദത്തിനു മുന്‍പ് നിശ്ചിത സമയത്ത് മത്സരം പുരോഗമിക്കുന്നതിനിടെ സെനഗലിനു റഫറി പെനാല്‍റ്റി നിഷേധിച്ചിരുന്നു. സെനഗല്‍ പരിശീലകന്‍ പാപ് തയേവ് പരസ്യമായി ഇതില്‍ പ്രതിഷേധിക്കുകയുമുണ്ടായി. എന്നാല്‍ ഇഞ്ചുറി സമയത്ത് മൊറോക്കോയ്ക്ക് പെനാല്‍റ്റി അനുവദിച്ചതോടെ അദ്ദേഹം പ്രകോപിതനായി. ഇതോടെ കോച്ച് സെനഗല്‍ ടീമിനോട് കളി മതിയാക്കി തിരികെ കയറാന്‍ ആവശ്യപ്പെട്ടു. ഇതോടെ കളി നിര്‍ത്തിവച്ചു.  ഏകദേശം പത്ത് മിനിറ്റോളം കളി തടസ്സപ്പെട്ടു. ഒടുവിൽ നായകൻ സാദിയോ മാനെയുടെ ഇടപെടലിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും കളത്തിലേക്ക് തിരിച്ചെത്തിയത്.