മെസി സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ച: രാജ്യത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തി: എഐഎഫ്എഫ്
കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി വന്നതിന് തൊട്ട് പിന്നാലെ ആരാധകര്‍ സ്റ്റേഡിയം അടിച്ച് തകര്‍ത്തതില്‍ വിമര്‍ശനവുമായി എഐഎഫ്എഫ്. സ്റ്റേഡിയത്തില്‍ നടന്ന സംഭവങ്ങള്‍ ഇനിയുള്ള 50 വര്‍ഷം കൊല്‍ക്കത്തയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ കല്യാണ്‍ ചൗബെ വിമര്‍ശിച്ചു.'ഗോട്ട് ഇന്ത്യ ടൂര്‍ 2025'ന്റെ ആദ്യ ഘട്ടം മോശം മാനേജ്‌മെന്റും സുരക്ഷാ വീഴ്ചകളും കാരണം കുഴപ്പത്തിലായി. സെല്‍ഫി തേടുന്ന രാഷ്ട്രീയക്കാരും വിഐപികളും മെസിയെ വളഞ്ഞു. ഇനിയുള്ള 50 വര്‍ഷം കൊല്‍ക്കത്തയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന സംഭവമാണ് അരങ്ങേറിയതെന്നും കല്യാണ്‍ ചൗബെ തുറന്നടിച്ചു.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു സംഭവം. 20 മിനിട്ട് മാത്രം ചെലവഴിച്ച ശേഷം മെസി സ്റ്റേഡിയം വിട്ടതോടെ ഫീസ് ആയി ഈടാക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ആരാധകര്‍ സ്റ്റേഡിയം കൈയ്യേറുകയായിരുന്നു. ഈ സംഭവത്തിലാണ് കല്യാണ്‍ ചൗബെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്ക എന്നറിയപ്പെടുന്ന ഒരു നഗരത്തിലാണ് ഇത് സംഭവിച്ചത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായി മാറി. മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരാണ്. 211 രാജ്യങ്ങളില്‍ അവര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. ലോക മാധ്യമങ്ങള്‍ അവരെ പിന്തുടരുകയും ചെയ്യും. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപുകളില്‍ പോലും ഫുട്‌ബോള്‍ കളിക്കാനായി ഇവര്‍ എത്താറുണ്ട്. എന്നാല്‍ ഇന്ത്യയിലെ അനുഭവം വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ വലിയ തുകകള്‍ ചെലവഴിച്ച ആരാധകരാണ് പ്രതിഷേധിച്ചത്. ഇന്ത്യ ഒരു ആഗോള കായിക കേന്ദ്രമായി സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന സമയത്ത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഇത് ഒരു വ്യക്തിക്കോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മാത്രമുള്ള നഷ്ടമല്ല സംഭവിച്ചത്. ബംഗാളിനും മുഴുവന്‍ രാജ്യത്തിനും ഇത് ഒരു നഷ്ടമാണെന്നും അദ്ദേഹം തുടന്നടിച്ചു.
''പശ്ചിമ ബംഗാളില്‍ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരം നടത്താന്‍ തീരുമാനിച്ചാല്‍, ഈ ചരിത്രമായിരിക്കും തടസമായി വരിക. ഈ ആഘാതം ബംഗാളില്‍ 50 വര്‍ഷത്തോളം നിലനില്‍ക്കും. ഡീഗോ മറഡോണ, ഒലിവര്‍ കാന്‍, ലോതര്‍ മത്തൗസ് തുടങ്ങിയ ഐക്കണുകളുടെ സന്ദര്‍ശനങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചിട്ടുള്ളതാണ്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്നത് ഒഴിവാക്കാമായിരുന്നു.
2030-ല്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നു. കായികം മൃദുശക്തിയാണ്, ഫുട്‌ബോള്‍ വളരെ പ്രധാനമാണ്. ഈ സംഭവം 211 ഫുട്‌ബോള്‍ കളിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക് ചീത്തപ്പേര് നേടിക്കൊടുത്തു. ഇത്തരം സാങ്കേതിക വിഷയങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യണമായിരുന്നു'' - കല്യാണ്‍ ചൗബെ വ്യക്തമാക്കി.
ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി കൊല്‍ക്കത്തയിലെത്തിയ മെസി വെറും 20 മിനിട്ട് മാത്രം ചെലവഴിച്ച ശേഷം ഹൈദരാബാദിലേക്ക് തിരിക്കുകയായിരുന്നു.എന്നാല്‍ ഇത്രയും പെട്ടന്ന് പരിപാടി അവസാനിപ്പിച്ചതില്‍ ആരാധകര്‍ രോഷാകുലരാവുകയായിരുന്നു. കസേരകളും സ്റ്റേഡിയവും തകര്‍ത്താണ് കാണികള്‍ പ്രതിഷേധിച്ചത്.

