സൗദി പ്രോ ലീഗ്; വമ്പന്‍ ജയവുമായി അല്‍ നസര്‍; റൊണാള്‍ഡോയ്ക്കും മാനെയ്ക്കും ഗോള്‍

Update: 2023-09-03 03:55 GMT






റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തുടര്‍ച്ചയായ മൂന്നാം വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഗോളടിച്ച മത്സരത്തില്‍ അല്‍ ഹസെമിനെതിരെ 5-1ന്റെ വിജയം നേടാന്‍ അല്‍ നസറിനായി. റൊണാള്‍ഡോ ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങി. മത്സരത്തിന്റെ 33ആം മിനുട്ടില്‍ ഖരീബിന്റെ ഗോളിലൂടെ ആണ് അല്‍ നസര്‍ ഗോളടി തുടങ്ങിയത്. റൊണാള്‍ഡോയുടെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. 45ആം മിനുട്ടില്‍ അല്‍ ഖൈബരിയിലൂടെ അല്‍ നസര്‍ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ 48ആം മിനുട്ടില്‍ ബദമോസിയുടെ ഒരു ലോംഗ് റേഞ്ചര്‍ അല്‍ ഹസെമിന് ഒരു ഗോള്‍ നല്‍കി. സ്‌കോര്‍ 2-1.

57ആം മിനുട്ടില്‍ ഒരു നല്ല ടീം ഗോളിലൂടെ അല്‍ നസര്‍ രണ്ട് ഗോള്‍ ലീഡ് തിരിച്ചുപിടിച്ചു. റൊണാള്‍ഡോയുടെ പാസില്‍ നിന്ന് ഒറ്റാവിയോ ആണ് മൂന്നാം ഗോള്‍ നേടിയത്. ഇതിനു ശേഷം 68ആം മിനുട്ടില്‍ ഖരീബിന്റെ പാസില്‍ നിന്ന് റൊണാള്‍ഡോയും ഗോള്‍ കണ്ടെത്തി. റൊണാള്‍ഡോയുടെ അവസാന മൂന്ന് മത്സരങ്ങളിലെ ആറാം ഗോളായിരുന്നു ഇത്.

78ആം മിനുട്ടില്‍ മാനെ തന്റെ ഗോള്‍ കൂടെ നേടിയതോടെ അല്‍ നസറിന്റെ വിജയം പൂര്‍ത്തിയായി. അവസാന നാലു മത്സരങ്ങളില്‍ നിന്നായി 18 ഗോളുകള്‍ അല്‍ നസര്‍ അടിച്ചിട്ടുണ്ട്.






Tags:    

Similar News