തുടര്‍ച്ചയായ മൂന്നാം ലോകകപ്പിനൊരുങ്ങി സൗദി അറേബ്യ; യോഗ്യതയ്ക്ക് ഒരു ജയം അകലെ

Update: 2025-10-09 06:19 GMT

ദോഹ: ഏഷ്യന്‍ ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ച് സൗദി അറേബ്യ. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എതിരാളികളായ ഇന്തോനേഷ്യയെ സൗദി തകര്‍ത്തത്. സൗദി, ഇന്തോനേഷ്യ എന്നിവര്‍ അടങ്ങുന്ന ബി ഗ്രൂപ്പിലെ മറ്റൊരു ടീം ഇറാഖാണ്. വരുന്ന ഞായറാഴ്ച ഇറാഖ് ഇന്തോനേഷ്യയെ നേരിടും. ഒക്ടോബര്‍ 15ന് നടക്കുന്ന ഗ്രൂപ്പ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഇറാഖിനെ തോല്‍പ്പിച്ചാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പില്‍ സൗദി അണിനിരക്കും.

ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ആവേശകരമായ മത്സരത്തില്‍ ഇന്തോനേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 11 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കെവിന്‍ ഡിക്‌സ് സന്ദര്‍ശകരെ മുന്നിലെത്തിച്ചെങ്കിലും ആറു മിനിറ്റുകള്‍ക്ക് ശേഷം അബു അല്‍ ഷാമത്ത് അറേബ്യന്‍ ശക്തികളെ ഒപ്പമെത്തിച്ചു. 34 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആതിഥേയര്‍ക്ക് ഫാരിസ് അല്‍ബ്രിഗന്‍ ലീഡ് നേടി കൊടുത്തു. 62 മിനിറ്റില്‍ വീണ്ടും ഗോള്‍ നേടി അല്‍ബ്രിഗന്‍ ലീഡ് ഇരട്ടിയാക്കി. 82 മിനുറ്റില്‍ ഡിക്‌സ് വീണ്ടും ഒരു പെനാല്‍റ്റിയിലൂടെ ഗോള്‍ സ്വന്തമാക്കി ഇന്തോനേഷ്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.

എ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ സമനിലയില്‍ തളച്ച് ഒമാന്‍. ഗോള്‍ രഹിത സമനിലയായ മത്സരത്തില്‍ ഖത്തറിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒമാന്‍ പ്രതിരോധ നിരയുടെ പ്രകടനമാണ് തിരിച്ചടിയായത്. ഇതോടെ രണ്ടു ടീമുകള്‍ക്കും അടുത്ത മത്സരം വളരെ നിര്‍ണായകമാണ്. മറ്റൊരു അറേബ്യന്‍ ശക്തികളായ യുഎഇയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഞായറാഴ്ച ഒമാന്‍ യുഎഇ മത്സരവും , ഒക്ടോബര്‍ 15ന് യുഎഇ ഖത്തര്‍ മത്സരവും നടക്കും.






Tags: