2026 ലോകകപ്പിന് യോഗ്യതയില്ലാത്ത രാജ്യങ്ങള്‍ക്കായി സമാന്തര ടൂര്‍ണമെന്റുമായി റഷ്യ
മോസ്‌കോ: മെക്സിക്കോ, യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലായി 2026-ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പില്‍ യോഗ്യത ലഭിക്കാതെ പോയ രാജ്യങ്ങളെ സംഘടിപ്പിച്ച് ലോക കപ്പ് മാതൃകയില്‍ സമാന്തര ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഫുട്ബോള്‍ യൂണിയന്‍ (ആര്‍.എഫ്.യു) ആണ് അപ്രതീക്ഷിതവും തന്ത്രപരവുമായ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. 2026 ലോകകപ്പ് മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുമ്പോള്‍ തന്നെ സമാന്തരമായി യോഗ്യതയില്ലാത്ത രാജ്യങ്ങളുടെ ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ റഷ്യയില്‍ നടക്കുന്ന വിധത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.
റഷ്യ-യുക്രയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ യൂറോപ്യന്‍ യൂണിയന്റെ പല വിധത്തിലുള്ള ഉപരോധം തുടരുകയാണ്. ഇതിന്റെ ഭാഗമായി തന്നെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് റഷ്യയെ വര്‍ഷങ്ങളായി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. 2022-മുതല്‍ തന്നെ ഫിഫ ടൂര്‍ണമെന്റുകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് രാജ്യത്തെ ആഗോള മത്സര ഭൂപടത്തില്‍ മാറ്റിസ്ഥാപിക്കുകയെന്നതാണ് പുതിയ പദ്ധതി കൊണ്ട് റഷ്യ ഉദ്ദേശിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇതിനകം പ്രചരിക്കുന്ന വിവരങ്ങളില്‍ പങ്കുവെക്കപ്പെടുന്നത്. അതേ സമയം ടൂര്‍ണമെന്റിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നുവരുന്നത്.
സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് 2026 ലെ ഫിഫ ഫുട്ബോള്‍ ലോക കപ്പിലേക്ക് എന്‍ട്രി ലഭിക്കാത്തത്. വര്‍ഷങ്ങളായി ലോക കപ്പിനെത്തുന്ന, ചരിത്രപരമായി പ്രബലരായ ടീമുകള്‍, ലോകകപ്പ് പാരമ്പര്യമുള്ള ക്ലബ്ബുകള്‍, പുതിയ ആശയത്തോട് അനുഭാവമുള്ള മറ്റു ദേശീയ ടീമുകള്‍ എന്നിവരെയെല്ലാം ഒരുമിച്ച് കൊണ്ടുവരികയെന്നതാണ് സമാന്തര അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പ് കൊണ്ട് റഷ്യ ലക്ഷ്യം വെക്കുന്നത്.
2022 മുതല്‍ ഫിഫ ടൂര്‍ണമെന്റുകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കിയിട്ടുണ്ട്. ഫുട്ബോള്‍ ടൂര്‍ണമെന്റുകളുടെ യോഗ്യതാ മല്‍സരങ്ങളിലോ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലോ റഷ്യയെ മല്‍സരിപ്പിക്കുന്നില്ല. എന്നാല്‍ പ്രധാന ഇവന്റുകള്‍ ഹോസ്റ്റുചെയ്യാന്‍ തങ്ങള്‍ക്ക് ഇപ്പോഴും കഴിവുണ്ടെന്ന് അന്താരാഷ്ട്ര തലത്തില്‍ തെളിയിക്കുന്നതിന് കൂടിയാണ് ഇങ്ങനെ ഒരു നീക്കം റഷ്യ നടത്തുന്നത്. പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും ഇതിനകം തന്നെ ആഗോള ചര്‍ച്ചയായി കഴിഞ്ഞു.

