ഹാട്രിക്ക് നേട്ടവുമായി റൊണാള്‍ഡോ; പോര്‍ച്ചുഗലിന് വമ്പന്‍ ജയം
നാല് ഗോളടിച്ച റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ലിത്വാനിയയെ 5-1നാണ് പരാജയപ്പെടുത്തിയത്.
ലിസ്ബണ്‍: യൂറോകപ്പ് യോഗ്യതാ മല്‍സരത്തില്‍ ലിത്വാനിയക്കെതിരേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഹാട്രിക്. നാല് ഗോളടിച്ച റൊണാള്‍ഡോയുടെ ചിറകിലേറി പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ലിത്വാനിയയെ 5-1നാണ് പരാജയപ്പെടുത്തിയത്. 7, 61, 15, 76 മിനിറ്റുകളിലാണ് ക്രിസ്റ്റിയുടെ ഗോളുകള്‍. വില്ല്യം കാര്‍വാലോയാണ് 90ാം മിനിറ്റില്‍ അഞ്ചാം ഗോള്‍ നേടിയത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ നിന്നായി റൊണാള്‍ഡോ 34 ഗോള്‍ നേടി. അന്താരാഷ്ട്ര തലത്തിലെ ഗോളുകളുടെ എണ്ണം 93 ആയി.
ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ കൊസോവോയെ ഇംഗ്ലണ്ട് 5-3ന് തോല്‍പ്പിച്ചു. പുതുമുഖ താരം ജേഡന്‍ സാഞ്ചോ ഇരട്ടഗോള്‍ നേടി. സാഞ്ചോയുടെ ഇംഗ്ലണ്ടിനായുള്ള ആദ്യ ഗോള്‍ നേട്ടമാണിത്. 2000നു ശേഷം ജനിച്ച് ഇംഗ്ലണ്ടിനായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും സാഞ്ചോ സ്വന്തമാക്കി. റഹീം സ്റ്റെര്‍ലിങ് ഒരു ഗോള്‍(8) നേടുകയും മൂന്ന് അസിസ്റ്റുമായി. 44, 45 മിനിറ്റുകളിലാണ് സാഞ്ചോയുടെ ഗോളുകള്‍. കാനെ(19), വൊജവാഡാ(38) എന്നിവരും ഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ ഫ്രാന്‍സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അന്‍ഡോറയെയും തുര്‍ക്കി മാള്‍ഡോവയെ എതിരില്ലാത്ത നാല് ഗോളിനും തോല്‍പ്പിച്ചു.