ചരിത്ര നേട്ടവുമായി റൊണാള്‍ഡോ; ഇരട്ട ഗോളുകള്‍, മെസിയുടെ റെക്കോഡ് തകര്‍ത്തു

Update: 2025-09-07 08:38 GMT

ലിസ്ബണ്‍: ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കൂടുതല്‍ ഗോളെന്ന റെക്കോഡിലെത്തി റൊണാള്‍ഡോ. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ റെക്കോഡാണ് താരം മറികടന്നത്. 2006-2026 കാലയളവില്‍ 48 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളാണ് റൊണാള്‍ഡോ കളിച്ചത്. 38 ഗോളുകളാണ് സൂപ്പര്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. 2006-2026 കാലയളവില്‍ 72 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ അര്‍ജന്റീനക്കായി കളിച്ച മെസി 36 ഗോളുകളാണ് നേടിയിട്ടുള്ളത്. അര്‍മേനിയക്കെതിരായ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് മെസിയെ മറികടന്ന് റൊണാള്‍ഡോ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്.

ഈ റെക്കോഡില്‍ തലപ്പത്തുള്ളത് ഫാബിയോ റൂയിസാണ്. 2002-2018 കാലയളവില്‍ 47 മല്‍സരത്തില്‍ നിന്ന് 39 ഗോളാണ് അദ്ദേഹം നേടിയത്. രണ്ട് ഗോളുകള്‍ കൂടി നേടാനായാല്‍ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ റൊണാള്‍ഡോക്ക് സാധിക്കും. പോര്‍ച്ചുഗലിന് യോഗ്യതാ മല്‍സരങ്ങള്‍ ശേഷിക്കെ ഈ നേട്ടത്തില്‍ റൊണാള്‍ഡോ തലപ്പത്തേക്കെത്താന്‍ സാധ്യതകള്‍ കൂടുതലാണെന്ന് തന്നെ പറയാം.

മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ അര്‍മേനിയയെ ചാരമാക്കിയത്. 10ാം മിനുട്ടില്‍ ജാവോ ഫെലിക്‌സാണ് പോര്‍ച്ചുഗലിന്റെ അക്കൗണ്ട് തുറന്നത്. 21ാം മിനുട്ടിലും 46ാം മിനുട്ടിലുമാണ് റൊണാള്‍ഡോ വലകുലുക്കിയത്. 32ാം മിനുട്ടില്‍ ജാവോ കാന്‍സെലോയും 61ാം മിനുട്ടില്‍ ജാവോ ഫെലിക്‌സും പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടു.