മെസി കേരളത്തിലേക്ക് വരില്ലെന്ന് റിപോര്‍ട്ട്; ഒക്ടോബറില്‍ അര്‍ജന്റീന ടീം ചൈനയില്‍

Update: 2025-05-03 07:56 GMT

ബ്യൂണസ് അയേഴ്സ്: ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഈ വര്‍ഷം കേരളത്തില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷകള്‍ക്കു തിരിച്ചടി. ലയണല്‍ മെസിയും സംഘവും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ സൗഹൃദ ഫുട്ബോള്‍ കളിക്കാനെത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയത്ത് ടീം ചൈന സന്ദര്‍ശിക്കുമെന്നാണ് അര്‍ജന്റീന മാധ്യമങ്ങള്‍ പറയുന്നത്. അതേസമയം അര്‍ജന്റീന ദേശീയ ടീം ഷോഡ്യൂള്‍ സംബന്ധിച്ചു സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

അര്‍ജന്റീന ദേശീയ ടീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ ഗസ്റ്റന്‍ എഡുല്‍ ടീമിന്റെ സാധ്യതാ ഷെഡ്യൂള്‍ എക്സില്‍ പങ്കിട്ടു. ചൈനയിലും പിന്നാലെ ലോകകപ്പ് നേടിയ ഖത്തര്‍ മണ്ണിലും ടീം സൗഹൃദ ഫുട്ബോള്‍ കളിക്കുന്നുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു ശേഷം അര്‍ജന്റീന ആഫ്രിക്ക, ഏഷ്യന്‍ പര്യടനങ്ങള്‍ക്കായാണ് പറക്കുന്നത്. ഈ ഷെഡ്യൂളാണ് ഇപ്പോള്‍ കേരളത്തിലേക്ക് ടീം എത്തുമോ എന്ന കാര്യത്തില്‍ ആശങ്ക പരത്തുന്നത്.

ചൈനയില്‍ രണ്ട് സൗഹൃദ മത്സരങ്ങളും അംഗോള, ഖത്തര്‍ എന്നിവിടങ്ങളില്‍ ഓരോ മത്സരങ്ങളുമാണ് അര്‍ജന്റീന കളിക്കുന്നത്. ഒക്ടോബറില്‍ ചൈനയിലും നവംബറില്‍ അംഗോള, ഖത്തര്‍ പര്യടനങ്ങളുമാണ് ടീം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.





Tags: