ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെമ്പട പിന്നോട്ട്; ; ചെകുത്താന്‍മാര്‍ മുന്നോട്ട്; ബ്ലൂസിന് സണ്ടര്‍ലാന്റ് ഷോക്ക്

Update: 2025-10-26 06:21 GMT

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ തുടരെ നാലാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി. എവേ പോരാട്ടത്തില്‍ ബ്രെന്‍ഡ്ഫോര്‍ഡിനോട് 2-3നാണ് അര്‍നേ സ്ലോട്ടും സംഘവും പരാജയം അറിഞ്ഞത്. രണ്ട് ഗോള്‍ മടക്കി പരാജയ ഭാരം കുറയ്ക്കാന്‍ സാധിച്ചതു മാത്രമാണ് ഓര്‍ത്തിരിക്കാനുള്ളത്. 0-2 എന്ന നിലയില്‍ പിന്നിലായ ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ 1-3 എന്ന നിലയിലേക്ക് വീണിരുന്നു. അവസാന ഘട്ടത്തില്‍ മുഹമ്മദ് സലയാണ് രണ്ടാം ഗോള്‍ നേടി പരാജയ ഭാരം കുറച്ചത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ ഗോള്‍ വഴങ്ങി. ബ്രെന്‍ഡ്ഫോര്‍ഡിന്റെ ഡാംഗോ ഔട്ടാരയാണ് സ്‌കോറര്‍. 45ാം മിനിറ്റില്‍ കെവിന്‍ ഷാഡെ ലിവര്‍പൂളിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ആദ്യ പകുതിയ്ക്കു പിരിയും മുന്‍പുള്ള ഇഞ്ചുറി സമയത്ത് മിലോസ് കെര്‍കെസ് ഒരു ഗോള്‍ മടക്കി. 1-2 എന്ന സ്‌കോറിനാണ് അവര്‍ ആദ്യ പകുതിക്ക് പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങി 60ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി ഇഗോര്‍ തിയാഗോ ബ്രെന്‍ഡ്ഫോര്‍ഡിനു മൂന്നാം ഗോള്‍ സമ്മാനിച്ചു. ഒടുവില്‍ 89ാം മിനിറ്റിലാണ് സലയുടെ രണ്ടാം ഗോള്‍ വന്നത്. പിന്നീട് ലിവര്‍പൂളിനെ സമനില പിടിക്കാന്‍ അനുവദിക്കാതെ ബ്രെന്‍ഡ്ഫോര്‍ഡ് ജയം ഉറപ്പിച്ചു.


 പ്രീമിയര്‍ ലീഗിലെ മോശം ഫോമില്‍ നിന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പതിയെ കരകയറുന്നു. തുടരെ മൂന്നാം പോരാട്ടത്തിലും അവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ കയറി തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ 9ാം മല്‍സരത്തില്‍ സ്വന്തം തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇറങ്ങിയ അവര്‍ 4-2ന് ബ്രൈറ്റനെ വീഴ്ത്തി. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനും റുബന്‍ അമോറിമിനും സംഘത്തിനും സാധിച്ചു.

ബ്രയാന്‍ എംബ്യുമോയുടെ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്റര്‍ ജയത്തിന്റെ ആണിക്കല്ല്. ആദ്യ പകുതിയില്‍ രണ്ട് ഗോളും രണ്ടാം പകുതിയില്‍ രണ്ട് ഗോളും മാഞ്ചസ്റ്റര്‍ ബ്രൈറ്റന്‍ വലയില്‍ നിക്ഷേപിച്ചു. കളിയുടെ അവസാന ഘട്ടത്തിലാണ് ബ്രൈറ്റന്‍ രണ്ട് ഗോള്‍ മടക്കിയത്.

24ാം മിനിറ്റില്‍ മത്യൂസ് കുന്‍ഹയാണ് മാഞ്ചസ്റ്ററിനു ലീഡ് സമ്മാനിച്ചത്. പത്ത് മിനിറ്റിനുള്ളില്‍ കാസമിറോയിലൂടെ ചുവന്ന ചെകുത്താന്‍മാര്‍ ലീഡുയര്‍ത്തി. 61, അവസാന ഇഞ്ച്വറി സമയത്തിന്റെ 7ാം മിനിറ്റുകളിലാണ് എംബ്യുമോയുടെ ഇരട്ട ഗോളുകള്‍. 74ാം മിനിറ്റില്‍ ഡാനി വെല്‍ബെക്കും അവസാന ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റില്‍ കോസ്റ്റൗലസുമാണ് ബ്രൈറ്റന്റെ ഗോളുകള്‍ നേടിയത്. ഈ ഗോളിനു പിന്നാലെയാണ് മാഞ്ചസ്റ്റര്‍ നാലാം ഗോള്‍ വലയിലിട്ട് ജയമുറപ്പിച്ചത്.


 ചെല്‍സിയെ അവരുടെ തട്ടകത്തില്‍ കയറി പഞ്ഞിക്കിട്ട് സണ്ടര്‍ലാന്‍ഡ്. ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും കയറി. 1-2നാണ് സണ്ടര്‍ലാന്‍ഡ് എവേ പോരാട്ടം ജയിച്ചത്. നാലാം മിനിറ്റില്‍ ഗര്‍നാചോയിലൂടെ ചെല്‍സി മുന്നിലെത്തിയെങ്കിലും 22ാം മിനിറ്റില്‍ വില്‍സന്‍ ഇസിഡോറിലൂടെ സണ്ടര്‍ലാന്‍ഡ് സമനില പിടിച്ചു. പിന്നീട് അവസാന ഘട്ടം വരെ അവര്‍ ചെല്‍സിയെ പ്രതിരോധിച്ചു നിന്നു. 90 മിനിറ്റ് കഴിഞ്ഞ് മത്സരം ഇഞ്ച്വറി സമയത്തേക്ക് പ്രവേശിച്ച് മൂന്നാം മിനിറ്റില്‍ ടാല്‍ബിയിലൂടെ സണ്ടര്‍ലാന്‍ഡ് അട്ടിമറി പൂര്‍ത്തിയാക്കി.

മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ 2-1നു ഫുള്‍ഹാമിനെ വീഴ്ത്തി. പരിശീലകന്‍ മാറിയിട്ടും വെസ്റ്റ് ഹാമിന്റെ പ്രീമിയര്‍ ലീഗിലെ മോശം ഫോമിനു മാറ്റമില്ല. ലീഡ്സ് യുനൈറ്റഡ് അവരെ 2-1നു പരാജയപ്പെടുത്തി.





Tags: