റയല്‍ മാഡ്രിഡ് പ്രതിരോധനിരയിലെ പ്രതിസന്ധി തുടരുന്നു; മിലിറ്റാവോയ്ക്ക് പരിക്ക്, നാലു മാസം പുറത്താകും
ബെര്‍ണാബ്യൂ: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ പ്രതിരോധ നിരയിലെ പ്രതിസന്ധി തുടരുന്നു. പ്രതിരോധ താരം എഡര്‍ മിലിറ്റാവോയുടെ ഇടതു കാലിലെ ബൈസെപ്‌സ് ഫെമോറിസ് പേശിക്കും, പ്രോക്‌സിമല്‍ ടെന്‍ഡനും പരിക്കു പറ്റിയതായി സ്ഥിരീകരിച്ചു. പരിക്കു കാരണം മിലിറ്റാവോയ്ക്ക് ഏകദേശം നാലു മാസം വരെ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും.
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ചാംപ്യന്‍സ് ലീഗ് പോരാട്ടം ഉള്‍പ്പെടെയുള്ള നിര്‍ണായക മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാകും. സെല്‍റ്റാ വിഗോയ്‌ക്കെതിരായ ലാ ലിഗ മല്‍സരത്തിനിടെ കടുത്ത വേദന കാരണം 27കാരനായ ബ്രസീലിയന്‍ താരം കളം വിട്ടിരുന്നു. ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡിന് അടുത്തിടെ സംഭവിച്ച തുടയിലെ പരിക്കു കാരണം പ്രതിരോധ നിരയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മിലിറ്റാവോയുടെ ഈ പരിക്ക് റയലിന് തിരിച്ചടിയായത്.