റിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി റയല്‍മാഡ്രിഡ്
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയുടെ ടീനേജ് സെന്‍സേഷന്‍ ഫ്രാങ്കോ മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി റയല്‍ മാഡ്രിഡ്. റിവര്‍പ്ലേറ്റിന്റെ 17കാരനായ താരത്തെ 45മില്ല്യണ്‍ യൂറോയ്ക്കാണ് റയല്‍ സ്വന്തമാക്കിയത്. ഒരു അര്‍ജന്റീനന്‍ ക്ലബ്ബിന്റെ റെക്കോഡ് തുകയ്ക്കാണ് താരത്തെ റിവര്‍പ്ലേറ്റ് റയലിന് വിട്ടുനല്‍കിയത്. കഴിഞ്ഞ രണ്ട് സീസണുകളിലായി താരം റിവര്‍പ്ലേറ്റിനൊപ്പമുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ താരം അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം നടത്തിയിരുന്നു.
ചിലിക്കെതിരായ മല്‍സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സബ്‌സ്റ്റിറ്റിയൂട്ടായാണ് താരം ഇറങ്ങിയത്. അര്‍ജന്റീനയ്ക്കായി ഒരു അന്താരാഷ്ട്ര മല്‍സരത്തിനായിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഈ മിഡ്ഫീല്‍ഡര്‍ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് 14മുതലാണ് റയലിനൊപ്പമുള്ള കരാര്‍ തുടങ്ങുക. ആറ് വര്‍ഷത്തെ കരാറിലാണ് താരം ക്ലബ്ബിലെത്തുക. പുതിയ സീസണിലേക്കായി റയല്‍ ട്രന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനെയും(ലിവര്‍പൂള്‍) ബേണ്‍മൗത്തില്‍ നിന്ന് 20കാരനായ ഡീന്‍ ഹൂയിസെന്നിനെയും റയല്‍ സ്വന്തമാക്കിയിരുന്നു.