മിലാന്‍: ക്രൊയേഷ്യന്‍ ഇതിഹാസവും ദീര്‍ഘ നാള്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ ഭാവന്നാസമ്പന്ന സന്നിധ്യവുമായി നിന്ന ലൂക്ക മോഡ്രിച് ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ എസി മിലാനിലേക്ക്. ഇതിഹാസ താരത്തിന്റെ വരവ് മിലാന്‍ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി സ്ഥിരീകരിച്ചു. ക്ലബ്ബ് ലോകകപ്പിനു ശേഷം താരം എസി മിലാനിലെത്തുമെന്നു അല്ലെഗ്രി വ്യക്തമാക്കി.
ഓഗസ്റ്റില്‍ വെറ്ററന്‍ ഇതിഹാസം ടീമിനൊപ്പം ചേരുമെന്നാണ് അല്ലെഗ്രി വെളിപ്പെടുത്തിയത്. 'അസാധാരണ താരമാണ് മോഡ്രിച്. അദ്ദേഹം മിലാനിലേക്ക് ഓഗസ്റ്റിലെത്തും'- അല്ലെഗ്രി പറഞ്ഞു. 13 വര്‍ഷം ലോസ് ബ്ലാങ്കോസിന്റെ മധ്യനിരയുടെ എഞ്ചിനായി പ്രവര്‍ത്തിച്ച താരമാണ് മോഡ്രിച്. ജര്‍മന്‍ ഇതിഹാസം ടോണി ക്രൂസുമായി ചേര്‍ന്നു മോഡ്രിച് തീര്‍ത്ത മുന്നേറ്റങ്ങളും നീക്കങ്ങളും റയലിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ നിര്‍ണായകമായിരുന്നു.
4 ലാ ലിഗ, 2 സ്പാനിഷ് കപ്പ്, 5 സ്പാനിഷ് സൂപ്പര്‍ കപ്പ്, 6 ചാംപ്യന്‍സ് ലീഗ്, 5 യുവേഫ സൂപ്പര്‍ കപ്പ്, 5 ക്ലബ് ലോകകപ്പ്, ഒരു ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ താരം റയലിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 28 കിരീട നേട്ടങ്ങളില്‍ താരം റയലിനൊപ്പം പങ്കാളിയായിട്ടുണ്ട്.