സൂപ്പര്‍ കപ്പില്‍ ജയത്തോടെ തുടങ്ങി കൊമ്പന്‍മാര്‍; രാജസ്ഥാന്‍ യുണൈറ്റഡിനെ വീഴ്ത്തി; കോള്‍ഡോ ഒബിയെറ്റക്ക് ഗോള്‍
പനജി: കാത്തിരുന്ന സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തുടക്കമിട്ടു. ഗോവയിലെ ജി.എം.സി. ബാംബോളിം സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡി മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയെയാണ് കൊമ്പന്മാര്‍ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയത്. സ്പാനിഷ് മുന്നേറ്റതാരം കോള്‍ഡോ ഒബിയെറ്റ അരങ്ങേറ്റ മത്സരത്തില്‍ തന്നെ നേടിയ തകര്‍പ്പന്‍ ഹെഡര്‍ ഗോളാണ് മഞ്ഞപ്പടയ്ക്ക് മൂന്ന് പോയിന്റ് സമ്മാനിച്ചത്.
മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റല ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, കോള്‍ഡോ ഒബിയെറ്റ, ഹുവാന്‍ റോഡ്രിഗസ് എന്നീ വിദേശ കരുത്തുമായിട്ടാണ് ടീമിനെ കളത്തിലിറക്കിയത്. കളി തുടങ്ങിയത് മുതല്‍ ബ്ലാസ്റ്റേഴ്സ് പന്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. ലൂണയുടെ നേതൃത്വത്തില്‍ മധ്യനിര കളി നിയന്ത്രിച്ചപ്പോള്‍ രാജസ്ഥാന്‍ നീളന്‍ പാസുകളിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചു.
ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോളിനടുത്തെത്തി. 21-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ ഡാനിഷ് ഫാറൂഖിന്റെ ശക്തമായ ഹെഡര്‍ പോസ്റ്റിനെ ഇളക്കി മടങ്ങിയത് ആരാധകരെ നിരാശയിലാക്കി. നിഹാല്‍ സുധീഷ് ഇടത് വിങ്ങിലൂടെ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിരോധക്കോട്ട ഭേദിക്കാനായില്ല. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസിന്റെ നിര്‍ണ്ണായക സേവാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. എന്നാല്‍ 51-ാം മിനിറ്റില്‍ കളിയിലെ വഴിത്തിരിവ് സംഭവിച്ചു. കോള്‍ഡോ നല്‍കിയ ത്രൂ ബോളില്‍ മുന്നേറിയ നിഹാലിനെ ഫൗള്‍ ചെയ്തതിന് രാജസ്ഥാന്‍ പ്രതിരോധതാരം ഗുര്‍സിമ്രത്ത് സിങ്ങിന് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി. പത്തുപേരായി ചുരുങ്ങിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു.
പകരക്കാരായി വന്ന നോഹ സദാവൂയിയും ഫ്രെഡി ലാല്‍വമ്മാമയും ആക്രമണത്തിന് പുതിയ ഊര്‍ജ്ജം നല്‍കി. നിരന്തരമായ സമ്മര്‍ദ്ദത്തിന് ഒടുവില്‍, 87-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ കാത്തിരിപ്പ് അവസാനിച്ചു. ഹുവാന്‍ റോഡ്രിഗസ് വലതുവിങ്ങില്‍ നിന്ന് നല്‍കിയ ഉഗ്രന്‍ ക്രോസില്‍, പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ചുയര്‍ന്ന കോള്‍ഡോ ഒബിയെറ്റ തലവെച്ച് കൊടുത്തു. ബ്ലാസ്റ്റേഴ്സിനായുള്ള കോള്‍ഡോയുടെ അരങ്ങേറ്റ ഗോള്‍ കൂടിയായിരുന്നു ഇത്. ശേഷിച്ച സമയം ഈ ലീഡ് നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായി. നിയന്ത്രണവും പ്രകടമാക്കിയ മത്സരത്തില്‍ വിജയത്തുടക്കം കുറിച്ച ടീം, അടുത്ത മത്സരം നവംബര്‍ 3 ന് എസ്.സി ഡല്‍ഹിക്കെതിരെ കളിക്കാന്‍ തയ്യാറെടുക്കും.

