ചാംപ്യന്‍സ് ലീഗില്‍ വിനീഷ്യസിന് നേരെ വംശീയ അധിക്ഷേപം, കളി 10 മിനിറ്റോളം നിര്‍ത്തിവച്ചു

Update: 2026-02-18 08:37 GMT

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് പ്ലേഓഫ് ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡും ബെന്‍ഫിക്കയും തമ്മിലുള്ള മല്‍സരം വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് മിനിറ്റുകളോളം തടസ്സപ്പെട്ടു. റയല്‍ താരം വിനീഷ്യസ് ജൂനിയറും ബെന്‍ഫിക്കയുടെ അര്‍ജന്റീനിയന്‍ താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിയും തമ്മിലുണ്ടായ വാക്കേറ്റമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ വിനീഷ്യസ് ഗോള്‍ നേടിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ഗോള്‍ ആഘോഷത്തിനിടെ പ്രെസ്റ്റിയാനി വിനീഷ്യസിനെ തടയുകയും തന്റെ ജേഴ്സി കൊണ്ട് വായ മറച്ചുപിടിച്ച് താരത്തിന് നേരെ എന്തോ പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ വിനീഷ്യസ് ഉടന്‍ തന്നെ റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയറുടെ അടുത്തേക്ക് ഓടിയെത്തി പരാതിപ്പെട്ടു.

പ്രെസ്റ്റിയാനി തന്നെ 'കുരങ്ങന്‍' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി വിനീഷ്യസ് റഫറിയോട് ആവര്‍ത്തിച്ചു പറയുന്നത് ക്യാമറകളില്‍ പതിഞ്ഞു. ഇതോടെ യുവേഫയുടെ വംശീയ വിരുദ്ധ പ്രോട്ടോക്കോള്‍ അനുസരിച്ച് റഫറി മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഏകദേശം 11 മിനിറ്റോളം കളി തടസ്സപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന് മൈതാനത്ത് ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ ഉരസലുണ്ടായി. വംശീയ അധിക്ഷേപ പരാതിയില്‍ പ്രെസ്റ്റിയാനിക്കെതിരെ യുവേഫ കര്‍ശന നടപടി സ്വീകരിക്കാനാണ് സാധ്യത. വിനീഷ്യസിന്റെ ആഘോഷപ്രകടനമാണ് ബെന്‍ഫിക്ക ആരാധകരെയും താരങ്ങളെയും ചൊടിപ്പിച്ചതെന്ന് ബെന്‍ഫിക്ക പരിശീലകന്‍ ജോസ് മൗറീഞ്ഞോ മല്‍സരശേഷം പ്രതികരിച്ചു. എംബാപ്പെയും മിഡ്ഫീല്‍ഡര്‍ ഔറേലിയന്‍ ചൗമേനിയും ടീം കളം വിടുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ഒടുവില്‍ കളി തുടരാന്‍ തീരുമാനിച്ചുവെന്ന് പറഞ്ഞു. വിനീഷ്യസിനോട് എന്താണ് ചെയ്യേണ്ടതെന്ന് അറിയാന്‍ ആവശ്യപ്പെട്ടതായി എംബാപ്പെ പറഞ്ഞു.

കളി കഴിഞ്ഞയുടനെ വിനീഷ്യസ് ജൂനിയര്‍ വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു.'വംശീയവാദികള്‍, എല്ലാറ്റിനുമുപരി, ഭീരുക്കളാണെന്ന് താരം പറഞ്ഞു. ഇന്ന് സംഭവിച്ചതൊന്നും എന്റെ ജീവിതത്തിലോ കുടുംബത്തിലോ പുതിയതല്ല. ഒരു ഗോള്‍ ആഘോഷിച്ചതിന് എനിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലായെന്ന് ബ്രസീലിയന്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.