
മാഡ്രിഡ്: റയല്‍മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ വംശീയമായി അധിക്ഷേപിച്ച കേസില്‍ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ. മൂന്ന് പ്രതികള്‍ക്ക് 14 മാസം തടവും ഒരാള്‍ക്ക് 22 മാസം തടവുമാണ് മാഡ്രിഡ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികള്‍ ചെയ്ത കുറ്റങ്ങള്‍ അംഗീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതിനാല്‍ ഇവരുടെ ശിക്ഷ താല്‍ക്കാലികമായി തടഞ്ഞുവച്ചു.
2023ലാണ് കേസിനാസ്പദമായ സംഭവം. കോപാ ഡെല്‍ റേ ടൂര്‍ണ്ണമെന്റില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മല്‍സരത്തിന് മുമ്പാണ് വിനീഷ്യസ് ജൂനിയറെ പ്രതികള്‍ വംശീയമായ അധിക്ഷേപിച്ചത്. മല്‍സരം നടക്കുന്ന സാന്റിയാഗോ ബെര്‍ണാബ്യുവിന് തൊട്ടടുത്തുള്ള പാലത്തിന് മുകളില്‍ വിന്യഷ്യസ് ജൂനിയറുടെ രൂപമുള്ള ബലൂണ്‍ പ്രതിമ തൂക്കിയിടുകയും മാഡ്രിഡ് റയലിനെ വെറുക്കുന്നു എന്ന ബാനര്‍ തൂക്കിയിടുകയും ചെയ്തിരുന്നു.
ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍, റയല്‍ മാഡ്രിഡ്, ലാ ലിഗ, സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ എന്നിവരോട് പ്രതികള്‍ ക്ഷമാപണം നടത്തിയിരുന്നു.ലാ ലിഗ മല്‍സരങ്ങള്‍ക്കും സ്‌പെയിന്‍ ടീമിന്റെ മല്‍സരങ്ങള്‍ക്കും പ്രതികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. താരങ്ങളുടെ പരിശീലന ഗ്രൗണ്ടുകളിലോ വിനീഷ്യസ് ജൂനിയറിന്റെ വീടിന്റെ പരിസരങ്ങളിലോ പ്രതികള്‍ പ്രവേശിക്കരുതെന്നും ശിക്ഷാ വിധിയില്‍ വ്യക്തമാക്കി. നിരവധി തവണ വംശീയാധിക്ഷേപത്തിന് ഇരയായ താരമാണ് റയല്‍ വിങര്‍ വിനീഷ്യസ്.