ഫിഫാ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് പിഎസ്ജിക്ക്; ഷൂട്ടൗട്ടില്‍ ഫ്‌ളെമെംഗോ വീണു
അല്‍ റയാന്‍: ഫിഫാ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് പിഎസ്ജിക്ക്. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളെമെംഗോയെ പരാജയപ്പെടുത്തിയാണ് കിരീടം. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. കോച്ച് ലൂയിസ് എന്റിക്വെയ്ക്ക് കീഴില്‍ പിഎസ്ജിയുടെ ആദ്യ ലോകകിരീടമാണ്. ആറ് ട്രോഫികളോടെയാണ് പിഎസ്ജി 2025 വര്‍ഷം അവസാനിപ്പിക്കുന്നത്. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാംപ്യന്‍സ് ലീഗ്, യുവേഫാ സൂപ്പര്‍ കപ്പ്, ട്രോഫി ഡേസ് ചാംപ്യന്‍സ് എന്നിവ നേടിയ പിഎസ്ജി ഫിഫാ ക്ലബ്ബ് ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു.
ഖത്തറിലെ അല്‍ റയാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മല്‍സരം നിശ്ചിത സമയത്ത് 1-1ന് അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാടൈമിലും ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. പിഎസ്ജിയുടെ റഷ്യന്‍ ഗോള്‍ കീപ്പ് മാറ്റവി സഫോനോവ നാല് കിക്കുകള്‍ സേവ് ചെയ്താണ് ഫ്‌ളെമെംഗോയെ പരാജയപ്പെടുത്തിയത്.