പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ 12-ാം ജയം. ലില്ലിക്കെതിരേ 2-1ന് ജയം സ്വന്തമാക്കിയതോടെ ടീം 12ാം ജയവും ജയിച്ച് റെക്കോഡിടുകയായിരുന്നു. ഇതോടെ യൂറോപ്പിലെ പ്രധാന ലീഗുകളില്‍ സീസണിലെ ആദ്യ മല്‍സരം മുതല്‍ തുടര്‍ച്ചയായി ഏറ്റവുമധികം ജയം നേടുന്ന ആദ്യ ടീമെന്ന നേട്ടം പിഎസ്ജി കൈവരിച്ചു. 1961ല്‍ ടോട്ടനം കുറിച്ച തുടര്‍ച്ചയായ 11 മല്‍സരങ്ങളിലെ ജയമെന്ന റെക്കോഡാണ് പിഎസ് ജി മറികടന്നത്.
സൂപ്പര്‍ താരങ്ങളായ കൈലിയന്‍ എംബാപ്പെയുടെയും ജൂനിയര്‍ നെയ്മറിന്റെയും ഗോളുകളാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ലില്ലിക്കെതിരേയുള്ള മല്‍സരത്തില്‍ പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തത്. സ്വന്തം മൈതാനത്താണ് ടീം 12-ാം ജയത്തിലൂടെ ചരിത്രം കുറിച്ചത്. അവസാന 20 മിനിറ്റുകളിലാണ് മല്‍സരത്തിലെ ഗോളുകളെല്ലാം പിറന്നത്. 70ാം മിനിറ്റില്‍ ഫ്രഞ്ച് കൗമാരതാരം കൈലിയന്‍ എംബാപെയുടെ ഗോളിലൂടെ പിഎസ്ജി മുന്നിലെത്തി. തുടര്‍ന്ന്് 84ാം മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ടീമിന്റെ രണ്ടാം ഗോളും നേടി. ആദ്യ ഗോള്‍സ്കോറര്‍ എംബാപ്പെയുടെ അസിസ്റ്റിലായിരുന്നു നെര്മറിന്റെ ഗോള്‍നേട്ടം. മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഐവറികോസ്റ്റ് താരം നിക്കോളാസ് പെപെ പെനല്‍റ്റിയിലൂടെ ലില്ലിക്ക് വേണ്ടി ഗോള്‍ നേടിയെങ്കിലും തൊട്ടുപിന്നാലെ പിഎസ്ജി വിജയം ആഘോഷിച്ചു.ഈ വിജയത്തോടെ, ലീഗില്‍ രണ്ടാമതുള്ള ലില്ലിയെക്കാള്‍ 11 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം പിഎസ്ജി ഒന്നുകൂട്ടി ഉറപ്പിച്ചു.