പാരിസ്: ഫുട്‌ബോള്‍ ഗ്ലോബല്‍ പ്ലെയേഴ്സ് അസോസിയേഷനായ ഫിഫ്‌പ്രോയുടെ ലോക ഇലവനില്‍ ഇത്തവണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കും ഇടം പിടിക്കാനായില്ല. കഴിഞ്ഞ വര്‍ഷവും ഇരുതാരങ്ങളും പുറത്തായിരുന്നു. 68 രാജ്യങ്ങളില്‍ നിന്നുള്ള 20,000-ത്തിലധികം പ്രൊഫഷണല്‍ പുരുഷ ഫുട്‌ബോള്‍ കളിക്കാര്‍ അവരുടെ മികച്ച ടീമിനായി വോട്ട് ചെയ്തതിനു ശേഷമാണ് ഫിഫ്‌പ്രോ പുരുഷ ലോക ഇലവന്‍ പ്രഖ്യാപിച്ചത്.
മാഞ്ചസ്റ്റര്‍ സിറ്റിയിലെ നിലവിലെ താരമായ ജിയാന്‍ലൂയിഗി ഡൊണാറുമ്മ ഉള്‍പ്പെടെ അഞ്ച് പിഎസ്ജി കളിക്കാര്‍ ടീമിലിടം നേടി. 18 വയസ്സുകാരനായ ബാഴ്സലോണയുടെ ലാമിന്‍ യമാല്‍ ഫിഫ്‌പ്രോ ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ചരിത്രം കുറിച്ചു. 2018-ല്‍ 19 വയസ്സുള്ളപ്പോള്‍ ഫ്രഞ്ച് ഫോര്‍വേഡ് കിലിയന്‍ എംബാപ്പെ ടീമില്‍ ഇടം നേടിയ റെക്കോര്‍ഡാണ് യമാല്‍ തകര്‍ത്തത്. എംബപെയും ടീമിലുണ്ട്. ഇത് ആറാം തവണയാണ് താരം ഇലവനില്‍ ഇടംനേടുന്നത്.
ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ ഡിജ്കും ചെല്‍സിയുടെ കോള്‍ പാമര്‍, ബാഴ്സലോണയുടെ പെഡ്രി എന്നിവരും ഇടം നേടി. ഡൊണാറുമ്മയാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. 13,609 വോട്ടുകള്‍ നേടിയാണ് അദ്ദേഹം ഒന്നാമതെത്തിയതെന്ന് ഫിഫ്പ്രോ പറഞ്ഞു. യമാലിന് 10,167 വോട്ടുകള്‍ ലഭിച്ചു. അതേസമയം എട്ട് സെലക്ഷനുകളുമായി ലോക ഇലവനില്‍ ഏറ്റവും കൂടുതല്‍ ഉടം നേടിയ വനിതാ താരം ചെല്‍സിയുടെ ലൂസി ബ്രോണ്‍സ് ആണ്.
ലോകമെമ്പാടുമുള്ള പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരുടെ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫിഫ്‌പ്രോ പുരുഷ വേള്‍ഡ് 11 നിര്‍ണ്ണയിക്കുന്നത്. ഫിഫ്‌പ്രോയും അനുബന്ധ കളിക്കാരുടെ യൂണിയനുകളും വിതരണം ചെയ്യുന്ന ഒരു സുരക്ഷിത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് വോട്ടിങ് നടത്തുന്നത്. 2024 ജൂലൈ 15 നും 2025 ഓഗസ്റ്റ് 3 നും ഇടയിലുള്ള പ്രകടനങ്ങളാണ വോട്ടിംഗില്‍ ഉള്‍പ്പെടുന്നത്. ആ കാലയളവില്‍ കളിക്കാര്‍ കുറഞ്ഞത് 30 ഔദ്യോഗിക മത്സരങ്ങളെങ്കിലും പങ്കെടുത്തിരിക്കണം. ഓരോ പങ്കാളിയും നാല് പൊസിഷണല്‍ വിഭാഗങ്ങളില്‍ നിന്നും മൂന്ന് മികച്ച കളിക്കാരെ തിരഞ്ഞെടുക്കും. ഗോള്‍കീപ്പര്‍, മൂന്ന് ഡിഫന്‍ഡര്‍മാര്‍, മൂന്ന് മിഡ്ഫീല്‍ഡര്‍മാര്‍, മൂന്ന് ഫോര്‍വേഡുകള്‍ എന്നീ സ്ഥാനങ്ങള്‍ക്കായാണ് തിരഞ്ഞെടുപ്പ്.
2025 ഫിഫ്രോ പുരുഷ വേള്‍ഡ് 11
ഗോള്‍കീപ്പര്‍
ജിയാന്‍ലൂജി ഡോണാരുമ്മ (പിഎസ്ജി / മാഞ്ചസ്റ്റര്‍ സിറ്റി, ഇറ്റലി)
പ്രതിരോധക്കാര്‍
വിര്‍ജില്‍ വാന്‍ ഡിജ്ക് (ലിവര്‍പൂള്‍, നെതര്‍ലാന്‍ഡ്സ്)
അച്രഫ് ഹക്കിമി (പിഎസ്ജി, മൊറോക്കോ)
നുനോ മെന്‍ഡസ് (പിഎസ്ജി, പോര്‍ച്ചുഗല്‍)
മിഡ്ഫീല്‍ഡര്‍മാര്‍
ജൂഡ് ബെല്ലിംഗ്ഹാം (റയല്‍ മാഡ്രിഡ്, ഇംഗ്ലണ്ട്)
കോള്‍ പാമര്‍ (ചെല്‍സി, ഇംഗ്ലണ്ട്)
പെഡ്രി (ബാഴ്സലോണ, സ്പെയിന്‍)
വിറ്റിന്‍ഹ (പിഎസ്ജി, പോര്‍ച്ചുഗല്‍)
ഫോര്‍വേഡുകള്‍
ഉസ്മാനെ ഡെംബെലെ (പിഎസ്ജി, ഫ്രാന്‍സ്)
കിലിയന്‍ എംബാപ്പെ (റയല്‍ മാഡ്രിഡ്, ഫ്രാന്‍സ്)
ലാമിന്‍ യമാല്‍ (ബാഴ്സലോണ, സ്‌പെയിന്‍).

