ജീവന്‍മരണപോരാട്ടം; ചാംപ്യന്‍സ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തില്‍ പിഎസ്ജിയും റയലും ഇന്ന് ഇറങ്ങുന്നു
ഇന്ത്യന്‍ സമയം രാത്രി 12മണിക്കാണ് മല്‍സരങ്ങള്‍ തുടങ്ങുക.
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ലീഗ് പ്ലേ ഓഫില്‍ ഇന്ന് ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയും സ്പാനിഷ് പ്രമുഖരായ റയല്‍ മാഡ്രിഡും ഇറങ്ങുന്നു. റയലിന്റെ എതിരാളികള്‍ പോര്‍ച്ചുഗല്‍ വമ്പന്‍മാരായ ബെന്‍ഫിക്കയാണ്. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയവുമായി റയല്‍ മുന്നിലാണ്. ആദ്യാ പാദത്തിലെ വംശീധിക്ഷേപത്തെ തുടര്‍ന്ന് ബെന്‍ഫിക്ക താരം പ്രെസ്റ്റിയാനിക്ക് വിലക്ക് ഏര്‍പെടുത്തിയിരുന്നെങ്കിലും പോര്‍ച്ചുഗീസ് ക്ലബ്ബ് അപ്പീല്‍ നല്‍കുകയും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ പാദത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബെന്‍ഫിക്കാ കോച്ച് ജോസെ മൗറീന്യോ ടച്ച് ലൈനില്‍ ഉണ്ടാകില്ല. അതെ സമയം കാല്‍ മുട്ടിനേറ്റ പരിക്ക് മൂലം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇന്ന് റയലിനായി കളത്തിലിറങ്ങിയേക്കില്ല.
പിഎസ്ജിയുടെ എതിരാളികള്‍ മൊണാക്കോയാണ്. ആദ്യം രണ്ടു ഗോളടിച്ച് മേധാവിത്വം കാട്ടിയ മൊണാക്കൊയുടെ വലയില്‍ തുടരെ മൂന്നെണ്ണം അടിച്ചുകൂട്ടിയായിരുന്നു പിഎസ്ജിയുടെ ആദ്യ പാദത്തിലെ 3-2ന്റെ ജയം . ഇരുവട്ടം വലകുലുക്കി ഇളമുറ താരം ഡിസയര്‍ ഡുവെയും ഒന്നടിച്ച് അഷ്‌റഫ് ഹകീമിയുമായിരുന്നു സ്‌കോറര്‍മാര്‍. ചാംപ്യന്‍സ് ലീഗ് അവസാന 16ല്‍ ഇടം നേടാനുള്ള പോരാട്ടത്തിനായാണ് ഇരുടീമും ഇറങ്ങുന്നത്.
മറ്റു മല്‍സരങ്ങളില്‍ യുവന്റസ് തുര്‍ക്കി ക്ലബ്ബ് ഗലാറ്റസരായെയും അറ്റ്‌ലാന്റ ജര്‍മ്മന്‍ പ്രമുഖരായ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെയും നേരിടും. ആദ്യ മല്‍സരത്തില്‍ ഗലാറ്റസരെ യുവന്റസിനെതിരേ 5-2ന്റെ ജയം നേടിയിരുന്നു. ബോറൂസിയ ആദ്യ പാദത്തില്‍ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സമയം രാത്രി 12മണിക്കാണ് മല്‍സരങ്ങള്‍ തുടങ്ങുക.
