പ്രീമിയര്‍ ലീഗ്; നോമ്പ് തുറക്കാന്‍ താരങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍
ലണ്ടന്‍: റമദാന്‍ മാസത്തില്‍ വ്രതമെടുക്കുന്ന മുസ് ലിം കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും മല്‍സരത്തിനിടെ നോമ്പ് തുറക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിലും (ഇഎഫ്എല്‍) ഇത്തവണയും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ചു വ്രതമെടുക്കുന്ന താരങ്ങള്‍ക്ക് സൂര്യാസ്തമയ സമയത്ത് വെള്ളമോ എനര്‍ജി ജെല്ലുകളോ കഴിച്ച് നോമ്പ് തുറക്കാനാണ് ഈ ചെറിയ ഇടവേള അനുവദിക്കുന്നത്. ശനിയാഴ്ചകളില്‍ വൈകുന്നേരം 5:30-നും ഞായറാഴ്ചകളില്‍ 4:30-നും ആരംഭിക്കുന്ന മല്‍സരങ്ങളിലാകും ഈ ഇടവേളകള്‍ക്ക് സാധ്യതയുള്ളത്.
മത്സരത്തിന് മുന്‍പ് തന്നെ ടീം ക്യാപ്റ്റന്മാരും മാച്ച് ഒഫീഷ്യലുകളും ചര്‍ച്ച ചെയ്ത് ഇടവേളയ്ക്കുള്ള ഏകദേശ സമയം തീരുമാനിക്കും. മല്‍സരം തടസ്സപ്പെടാത്ത രീതിയില്‍ ഗോള്‍ കിക്ക്, ഫ്രീ കിക്ക് അല്ലെങ്കില്‍ ത്രോ ഇന്‍ എന്നിവ നടക്കുന്ന സ്വാഭാവിക സമയത്താകും നോമ്പ് തുറക്കാന്‍ അനുവദിക്കുക. ഈ സമയം ടീമുകള്‍ക്ക് തന്ത്രങ്ങള്‍ മെനയാനുള്ള 'ടാക്റ്റിക്കല്‍ ടൈം ഔട്ടായോ' അല്ലെങ്കില്‍ മറ്റ് കളിക്കാര്‍ക്ക് വെള്ളം കുടിക്കാനുള്ള 'ഡ്രിങ്ക്‌സ് ബ്രേക്കായോ' ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
2021ല്‍ ലെസ്റ്റര്‍ സിറ്റിയും ക്രിസ്റ്റല്‍ പാലസും തമ്മിലുള്ള മല്‍സരത്തിലാണ് ഇത്തരമൊരു ഇടവേള ആദ്യമായി അനുവദിച്ചത്. അന്ന് ലെസ്റ്റര്‍ താരം വെസ്ലി ഫൊഫാനയ്ക്കും പാലസ് താരം ഷെയ്ഖു കുയാത്തെയ്ക്കും നോമ്പ് തുറക്കാന്‍ കളി അല്‍പനേരം നിര്‍ത്തിവെച്ചിരുന്നു.
മുഹമ്മദ് സലാ, വില്യം സാലിബ, റയാന്‍ ഐറ്റ്-നൂറി, അമദ് ഡിയാലോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ നിലവില്‍ പ്രീമിയര്‍ ലീഗില്‍ റമദാന്‍ വ്രതമെടുക്കുന്നവരില്‍ ഉള്‍പ്പെടുന്നു. കളിക്കാരുടെ വിശ്വാസത്തെ മാനിക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഈ നടപടിയെ താരങ്ങള്‍ സ്വാഗതം ചെയ്തു. 'പ്രീമിയര്‍ ലീഗില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്,' എന്ന് മുന്‍ എവര്‍ട്ടണ്‍ താരം അബ്ദുല്ലയെ ഡൗക്കോറെ മുന്‍പ് പ്രതികരിച്ചിരുന്നു.
റമദാന്‍ സമയത്ത് കളിക്കാര്‍ക്കായി പ്രത്യേക ഹലാല്‍ ഭക്ഷണക്രമം ക്ലബ്ബുകള്‍ ഉറപ്പാക്കുന്നു. സാദിയോ മാനെ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ വെളിപ്പെടുത്തിയത് പ്രകാരം, വ്രതമെടുക്കുന്ന താരങ്ങളുടെ സൗകര്യാര്‍ത്ഥം ക്ലബ്ബുകള്‍ പരിശീലന ഷെഡ്യൂളുകളില്‍ മാറ്റം വരുത്താറുണ്ട്. ടീം ഷെഫുമാര്‍ കളിക്കാര്‍ക്കായി പ്രത്യേക ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനാല്‍ വീട്ടിലേതിന് സമാനമായ അന്തരീക്ഷമാണ് ക്ലബ്ബുകളിലും ലഭിക്കുന്നതെന്ന് താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

