ഹസാര്‍ഡ് ഡബിളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം
മല്‍സരത്തിന്റെ മുഴുവന്‍ ആധിപത്യവും ഏറ്റെടുത്തായിരുന്നു ചെല്‍സി ആക്രമണം. ജയത്തോടെ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ വെസ്റ്റ്ഹാമിനെതിരേ ചെല്‍സിക്ക് ഉജ്ജ്വല ജയം. ഈഡന് ഹസാര്‍ഡിന്റെ ഇരട്ടഗോള്‍ മികവിലാണ് ചെല്‍സിയുടെ ജയം. 24, 90 മിനിറ്റുകളിലാണ് ഹസാര്‍ഡ് സ്കോര്‍ ചെയ്തത്. മല്‍സരത്തിന്റെ മുഴുവന്‍ ആധിപത്യവും ഏറ്റെടുത്തായിരുന്നു ചെല്‍സി ആക്രമണം. ജയത്തോടെ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആഴ്സണലിനെയും ടോട്ടന്‍ഹാമിനെയും പിന്തള്ളിയാണ് ചെല്‍സിയുടെ മുന്നേറ്റം.
ഇതോടെ ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ ആക്കം കൂടി. ഹസാര്‍ഡിന്റെ ആദ്യ ഗോളിനെ ഫുട്ബോള്‍ ലോകം ലോകോത്തര ഗോള്‍ എന്നാണ് വിശേഷിപ്പിച്ചത്. വെസ്റ്റ്ഹാം പ്രതിരോധ താരങ്ങളെ മുഴുവന്‍ വെട്ടിച്ച് നേടിയ ഗോളായിരുന്നു 24ാം മിനിറ്റിലേത്. രണ്ടാം പകുതിയില്‍ വെസ്റ്റ്ഹാം ഇടയ്ക്ക് ആക്രമണം അഴിച്ചുവിട്ടെങ്കിലും ചെല്‍സി അതിനെതിരേ പ്രതിരോധം തീര്‍ത്തു. ഇതിനിടെ ചെല്‍സി ഗോളിനായി ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും രണ്ടാം ഗോള്‍ ഹസാര്‍ഡിലൂടെ ഇഞ്ചുറി ടൈമിലാണ് പിറന്നത്.